വെളിച്ചമില്ലാ നാടായി നീലേശ്വരം
text_fieldsനീലേശ്വരം: സന്ധ്യ കഴിഞ്ഞാൽ നഗരത്തിൽ എങ്ങും കൂരിരുട്ട് മാത്രമായപ്പോൾ രാത്രിയിൽ വെളിച്ചമില്ലാത്ത നാടായി നീലേശ്വരം. കടകളിലെയും വാഹനങ്ങളുടെയും വെളിച്ചത്തിൽ മാത്രമേ നഗരത്തിൽ എത്തുന്നവർക്ക് രാത്രി സഞ്ചരിക്കാൻ പറ്റുകയുളളൂ. ദേശീയപാതയിലെ മാർക്കറ്റ് ജങ്ഷൻ മൊത്തം കൂരിരുട്ടിലാണ്. ഹൈമാസ്റ്റ് വെളിച്ചമില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. അതുപോലെ ഹൈവേ ജങ്ഷൻ മുതൽ രാജാ റോഡ് വരെയും മേൽപാലത്തിന് മുകളിലുമുള്ള വൈദ്യുതിത്തൂണിലും വെളിച്ചമില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു.
നഗരത്തിലെ ഇരുട്ട് മാറ്റാൻ നഗരസഭ അധികൃതർ തയാറാകുന്നില്ല. കേടായ ബൾബ് മാറ്റിയിടാൻ വരെ അധികൃതർക്ക് സാധിക്കുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംസ്ഥാന സർക്കാറിന്റെ ‘നിലാവ്’ പദ്ധതിയിലെ വെളിച്ചവും കണ്ണടച്ചതോടെ നഗരം കൂരിരുട്ടിലാണ്. തെരുവുനായ്ക്കളുടെ ശല്യം ഏറെയുള്ള നീലേശ്വരത്ത് ഇരുട്ടത്ത് ഇവയുടെ വിളയാട്ടം മൂലം കാൽനടയാത്രക്കാർ ഭീതിയിലാണ്. നിലാവ് പദ്ധതിയിലെ വെളിച്ചം നൽകിയത് കെ.എസ്.ഇ.ബിയാണ്. പുതിയ ബൾബ് സ്ഥാപിച്ചാൻ ആഴ്ചകൾക്കുള്ളിൽ കേടാകും.
നാട്ടുകാർ പഴിചാരുന്നത് വാർഡ് കൗൺസിലർമാരെയാണ്. ബൾബ് കത്തുന്നില്ലെന്ന് കൗൺസിലർമാർ കെ.എസ്.ഇ.ബിയെ അറിയിച്ചാൽ നന്നാക്കാൻ തയാറാകുന്നുമില്ല. ചില കൗൺസിലർമാർ സ്വന്തം പോക്കറ്റിൽനിന്ന് പണം കൊടുത്ത് ബൾബ് വാങ്ങുകയാണ്. വാർഡുകളിൽ കൗൺസിലർമാരോട് ചോദിക്കാതെ കെ.എസ്.ഇ.ബി തോന്നിയ സ്ഥലത്താണ് നിലാവ് പദ്ധതിയിൽ വെളിച്ചം സ്ഥാപിച്ചതെന്ന ആക്ഷേപമുണ്ട്. നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ആവശ്യമായ പരിശോധന നടത്താതെ കെ.എസ്.ഇ.ബി നിലാവ് പദ്ധതിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി ലീഡർ ഇ. ഷജീർ വിജിലൻസിന് പരാതി നൽകിയിട്ടും അന്വേഷണം നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.