നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം; ഗർഡറുകൾ സ്ഥാപിക്കാൻ പച്ചക്കൊടി
text_fieldsനീലേശ്വരം: നീണ്ട കാത്തിരിപ്പിനൊടുവിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലത്തിന്റെ അവസാനഘട്ട പ്രവൃത്തിക്ക് റെയിൽവേ പച്ചക്കൊടി. പാളത്തിന് കുറുകെ കോമ്പോസിറ്റ് ഗർഡറുകൾ സ്ഥാപിക്കാനുള്ള അനുമതിയാണ് ലഭിച്ചത്.
മറ്റു നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി എട്ടു മാസത്തിലധികമായി റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
ശക്തമായ പ്രതിഷേധത്തിനൊടുവിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ഗർഡർ സ്ഥാപിക്കാനുള്ള അനുമതി നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ആവശ്യമായ രേഖകൾ പാലക്കാട് ഡിവിഷനൽ ഓഫിസിൽനിന്നുള്ള സീനിയർ എൻജിനീയർ കോഓഡിനേഷൻ ഒപ്പിട്ട് ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് നൽകിയത്. ഇത് ലഭിച്ചതനുസരിച്ചാണ് ഗർഡറുകൾ സ്ഥാപിക്കാൻ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനീയർ ഉത്തരവിറക്കിയത്.
റെയിൽപാളത്തിന് മുകളിലും ഇരുഭാഗങ്ങളിലുമായി 18 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. പാളത്തിന് കുറുകെ 10 ഗർഡറുകൾ സ്ഥാപിക്കണം. ഇതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇനി ആവശ്യം റെയിൽവേയുടെ പവർ കം ലൈൻ ബ്ലോക്ക് മാറ്റണം.
ഗർഡറുകൾ സ്ഥാപിക്കാൻ ഒരാഴ്ച തുടർച്ചയായി കുറഞ്ഞത് മൂന്നുമണിക്കൂർ വീതം വലിയ ക്രെയിൻ ഉപയോഗിക്കണം. ഇത്രയും സമയം ഇതുവഴിയുള്ള ട്രെയിനുകൾ ഓട്ടം നിർത്താനുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഗർഡർ സ്ഥാപിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കൂ. നാല് വർഷമായി പണിയുന്ന പള്ളിക്കര റെയിൽവേ മേൽപാലം പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ ഏക റെയിൽവേ ഗേറ്റ് ഓർമയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.