കുടുംബത്തിന്‍റെ ഉറക്കംകെടുത്തി ടോയ്‌ലെറ്റിലെ മൊബൈൽ നമ്പർ; പരിഹാരം കണ്ട് നീലേശ്വരം പൊലീസ്
text_fieldsനീലേശ്വരം: നഗരസഭ ടോയ്ലറ്റിന്റെ ചുമരിൽ ഏതോ സാമൂഹികവിരുദ്ധൻ എഴുതിയ നമ്പർ മലപ്പുറത്തെ വീട്ടമ്മയുടെ ഉറക്കംകെടുത്തിയപ്പോൾ കുടുംബത്തിന് ആശ്വാസമേകി നീലേശ്വരം പൊലീസ്. പകലും രാത്രിയിലും നിരന്തരം വിളി വന്നപ്പോൾ മനസ്സമാധാനം നഷ്ടപ്പെട്ട വീട്ടമ്മയുടെ മകൻ നമ്പറിന്‍റെ ഉറവിടംതേടി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
നീലേശ്വരം പൊലീസ് ആ കഥ വിവരിക്കുന്നു: വിചിത്രമാണെങ്കിലും ഗൗരവമുള്ള പരാതിയുമായി ഒരു ചെറുപ്പക്കാരൻ സന്ധ്യയോടെ നീലേശ്വരം സ്റ്റേഷന്‍റെ മുറ്റത്ത് പരുങ്ങലോടെ വന്നുനിന്നു. ജി.ഡി ചാർജുള്ള മഹേഷ് ‘എന്താ സഹോദരാ കാര്യ’മെന്ന് ചോദിച്ചപ്പോൾ മലപ്പുറത്തുനിന്നു വന്ന ചെറുപ്പക്കാരൻ കാര്യം പറഞ്ഞു. ‘എന്‍റെ ഉമ്മയുടെ ഫോണിലേക്കു പല മൊബൈൽ നമ്പറുകളിൽനിന്നും സ്ഥിരമായി കോൾ വരുന്നു. ഉമ്മക്ക് അതു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിളിക്കുന്നവരോടൊക്കെ എന്തിനാണ് വിളിക്കുന്നത്, എവിടെ നിന്നാണ് നമ്പർ കിട്ടിയത് എന്നു ചോദിച്ചാൽ നീലേശ്വരം ബസ് സ്റ്റാൻഡിലെ ടോയ്‌ലെറ്റിൽ നിന്നു കിട്ടിയതാണെന്നു പറയുന്നു. മടുത്തു സർ, രക്ഷിക്കണം’.
ഈ പ്രശ്നം പറയാനാണോ ഇത്രയും ദൂരെ നിന്നു നീ വന്നത് എന്ന എസ്.ഐ മധു മടിക്കൈ, ജനമൈത്രി പൊലീസ് ഓഫിസർ പ്രദീപൻ കോതോളി, സി.പി.ഒ ബാബു എന്നിവരുടെ ചോദ്യത്തിന് ‘രണ്ടു ദിവസം കഴിഞ്ഞ് തനിക്ക് ഗൾഫിൽ പോകാനുള്ളതാണെന്നും ഈ ശല്യം പരിഹരിച്ചില്ലെങ്കിൽ ഉമ്മാക്ക് സമാധാനം കിട്ടില്ലെ’ന്നും ചെറുപ്പക്കാരൻ പറഞ്ഞതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
നഗരസഭ കൗൺസിലർ ഇ. ഷജീറിനെ വിളിച്ച പൊലീസ്, മൂത്രപ്പുരയുടെ താക്കോൽ വാങ്ങി ബസ് സ്റ്റാൻഡിലെത്തി. എന്നാൽ താക്കോലിട്ട് പൂട്ട് തുറക്കാനാവാത്തതിനാൽ ചുറ്റിക ഉപയോഗിച്ച് പൂട്ട് പൊളിച്ചു. മൂത്രപ്പുരയിൽ കയറാൻ ശ്രമിക്കവേ പിറകിൽനിന്ന് പതിഞ്ഞ സ്വരം ‘സാർ സാൻഡ് പേപ്പർ കൊണ്ടുവന്നിട്ടുണ്ട്, ചുമരിൽ ഉരച്ചു നമ്പർ മായ്ക്കാൻ’. തങ്ങൾ മായ്ച്ചുകളയാമെന്ന് വ്യക്തമാക്കിയ പൊലീസ് ഉമ്മയുടെ നമ്പർ ചോദിച്ചറിഞ്ഞു.
പിന്നീട് വെളിച്ചമില്ലാത്ത ടോയ്‌ലെറ്റിൽ മൊബൈൽ ടോർച്ച് തെളിച്ചു വിശദ പരിശോധന. പുരുഷന്മാരുടെ ടോയ്‌ലെറ്റിന്‍റെ നിറംമങ്ങിയ ചുമരിൽ നീല നിറത്തിൽ എഴുതിയ മൊബൈൽ നമ്പർ കണ്ടു. അതിനൊപ്പം ഒരു സ്ത്രീയുടെ പേരും അവരെപ്പറ്റിയുള്ള ലൈംഗികച്ചുവയുള്ള വാചകങ്ങളും. സാൻഡ് പേപ്പർ ഉപയോഗിച്ച് നമ്പറും അതോടൊപ്പം എഴുതിച്ചേർത്ത അശ്ലീല പദങ്ങളും പൊലീസ് മായ്ച്ചു.
നിറ കണ്ണുകളോടെ പൊലീസുകാരെ മാറി മാറി കെട്ടിപ്പിടിച്ച ചെറുപ്പക്കാരൻ, അടുത്ത തവണ ഗൾഫിൽ നിന്നു വരുമ്പോൾ കാണാൻ വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്. രാത്രി തന്നെ മലപ്പുറത്തേക്കുള്ള ബസിൽ കയറ്റി പൊലീസ് ഉദ്യോഗസ്ഥർ ചെറുപ്പക്കാരനെ സന്തോഷപൂർവം യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.