വൈദ്യുതിയില്ല; അനാഥമായി കുടുംബാരോഗ്യകേന്ദ്രം
text_fieldsനീലേശ്വരം: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയിലെ ഏക ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയ നിലയിൽ. തൈക്കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടും മതിയായ ചികിത്സ കിട്ടുന്നില്ലെന്നാണ് ആക്ഷേപം. ഉച്ചവരെ മാത്രമേ ആശുപത്രിയിൽ ഒ.പി സൗകര്യം ലഭിക്കുന്നുള്ളൂ. മാത്രമല്ല, ഞായറാഴ്ച പൂർണമായും പ്രവർത്തിക്കുന്നില്ല. ഇതുമൂലം നിരവധിയാളുകളാണ് ദുരിതമനുഭവിക്കുന്നത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നിർമിച്ച പുതിയകെട്ടിടം അനാഥമായിക്കിടക്കുന്നു.
മന്ത്രി വീണാജോർജ് കഴിഞ്ഞ മാർച്ചിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഇതുവരെ ലഭിച്ചില്ല. നഗരസഭ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതിന് കാരണമെന്ന് വാർഡ് കൗൺസിലർ അൻവർ സാദിഖ് പറഞ്ഞു. പുതിയ ജനറേറ്ററും പ്രവർത്തിക്കാതെകിടക്കുന്നു. ആശുപത്രി പ്രവർത്തനം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി കണക്ഷൻ ലഭിക്കണം. ഇതിനുവേണ്ടി നഗരസഭ അധികൃതർ ഒരു പരിശ്രമവും നടത്തുന്നില്ലെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. ആശുപത്രി പഴയ കെട്ടിടത്തിൽതന്നെയാണ് പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സ വേണമെന്ന ആവശ്യവും ഇതുവരെയും പരിഗണിച്ചില്ല. ലാബ് സൗകര്യമുണ്ടെങ്കിലും വൈദ്യുതിപോയാൽ അതും നിലക്കും. അപ്പോൾ 150 രൂപ ഓട്ടോക്ക് കൊടുത്ത് നീലേശ്വരത്ത് എത്തി പരിശോധന നടത്തേണ്ട ഗതികേടിലാണ്. പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം എത്രയുംപെട്ടെന്ന് ആരംഭിക്കാൻ നീലേശ്വരം നഗരസഭ അധികൃതർ ഇടപെടണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.