രാഷ്ട്രീയ ചേരിതിരിവ്; ആകാശപാതയില്ല
text_fieldsനീലേശ്വരം: നഗരത്തെ രണ്ടായി കീറിമുറിക്കാതിരിക്കാൻ മാര്‍ക്കറ്റ് ജങ്ഷനില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ആകാശപാത വേണമെന്ന ആവശ്യം ഇപ്പോഴും ഫയലിൽതന്നെ കിടക്കുന്നു. വിഷയംകേന്ദ്രസർക്കാറിന്റെ പരിഗണനയിൽപോലുമില്ലെന്നാണ്ലഭിക്കുന്ന സൂചന. മാർക്കറ്റ് ജങ്ഷനിൽനിന്ന് നീലേശ്വരം നഗരത്തിലേക്കുള്ള നിലവിലുള്ള പ്രവേശനകവാടം എംബാങ്ക്ഡ് ബ്രിഡ്ജ് വരുന്നതോടുകൂടി പൂർണമായും ഇല്ലാതാകും.
നഗരത്തിലേക്ക് പ്രവേശിക്കണമെങ്കിൽ നീലേശ്വരം പൊലീസ് സ്റ്റേഷന് എതിർവശത്തായി നിർമാണം പുരോഗമിക്കുന്ന അടിപ്പാത വഴി സർവിസ് റോഡിലെത്തിയശേഷം മാത്രമേ ഇനി നഗരത്തിലേക്ക് വാഹനങ്ങൾ കടന്നുവരാൻ പറ്റുകയുള്ളൂ. എംബാങ്ക്ഡ് ബ്രിഡ്ജ് വരുന്നതോടെ നീലേശ്വരത്തിന്റെ തീരപ്രദേശങ്ങളിലെയും വടക്കുഭാഗത്തേ പ്രദേശങ്ങളിലേയും ജനങ്ങളുടെ യാത്രദുരിതത്തിലാകും. ടൂറിസം മേഖലയായ അഴിത്തല ബീച്ച്, തൈക്കടപ്പുറം ഹാർബർ കോട്ടപ്പുറം-അച്ചാംതുരുത്തി പാലം വഴിയുള്ള യാത്രകളെല്ലാം പ്രതിസന്ധിയിലാകും. വൻമതിൽപോലെ വലിയ ഉയരത്തിൽ പുതിയ ദേശീയപാത നീലേശ്വരത്തുകൂടി കടന്നുപോകുമ്പോൾ നഗരത്തെ കാണാതാകുന്ന അവസ്ഥയുണ്ടാകും.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ ചേർന്ന ആദ്യയോഗത്തിൽ നഗരസഭ അധികൃതർ പങ്കെടുക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് നിലവിലുള്ള ആക്ഷേപമായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ എംബാങ്ക്ഡ് ബ്രിഡ്ജ് നിര്‍മാണപ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ആകാശപാതക്കായി യു.ഡി.എഫ് അഞ്ചുദിവസം ദേശീയപാതയോരത്ത് സത്യഗ്രഹം നടത്തി.
നഗരസഭ ഭരണാധികാരികളും എൽ.ഡി.എഫ്, ബി.ജെ.പി സര്വകക്ഷിസംഘവും ഡല്‍ഹിയിലെത്തി ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നിവേദനം നല്‍കിയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ മുഖാന്തരം യു.ഡി.എഫും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നീലേശ്വരത്തിന്റെ മർമപ്രധാനമായ ആകാശപാത നിർമാണം വേണമെന്ന ആവശ്യത്തിനുവേണ്ടി ഒറ്റമനസ്സിൽ നിൽക്കാതെ രാഷ്ടീയ തിമിരംമൂലം ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ്. ആകാശപാത ആവശ്യം നിവേദനമായി നിൽക്കുമ്പോഴും നീലേശ്വരത്തെ എംബാങ്ക്ഡ് ബ്രിഡ്ജ് നിര്‍മാണം തകൃതിയായി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.