സബ്സിഡിയില്ല; ജനകീയ ഹോട്ടൽ അടച്ചുപൂട്ടലിലേക്ക്
text_fieldsനീലേശ്വരം: മിതമായനിരക്കിൽ ഭക്ഷണം കഴിച്ചിരുന്ന സാധാരണക്കാരുടെ ഏക ആശ്രയമായിരുന്ന നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ജനകീയഹോട്ടൽ അടച്ചുപൂട്ടലിന്റെ വക്കിൽ. നഗരസഭയിലെ ഒരുദ്യോഗസ്ഥന്റെ നിസ്സഹകരണം മൂലം അർഹതപ്പെട്ട സബ്സിഡി ലഭിക്കാത്തതാണ് ജനകീയ ഹോട്ടൽ അടച്ചുപൂട്ടൽഭീഷണി നേരിടാൻ കാരണം.
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെയാണ് വർഷങ്ങളായി ഹോട്ടൽ പ്രവർത്തിക്കുന്നത്. സബ്സിഡി നിരക്കിൽ സിവിൽ സപ്ലൈസ് വകുപ്പ് അരി നൽകി 20 രൂപ നിരക്കിൽ ഉച്ചയൂൺ നൽകണമെന്നാണ് സർക്കാർ നിബന്ധന. എന്നാൽ, ഇതിന്റെ സബ്സിഡി പലപ്പോഴും കിട്ടാത്ത അവസ്ഥയാണ്.
മാത്രമല്ല, ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുറിവാടകയും വൈദ്യുതി ബില്ലും നഗരസഭ ഹോട്ടൽ നടത്തിപ്പുകാർക്ക് നൽകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി മുറി വാടകയും വൈദ്യുതി ബില്ലിന്റെ തുകയും നഗരസഭ ഹോട്ടൽ നടത്തിപ്പുകാർക്ക് നൽകുന്നില്ല. മാസം 15,000 രൂപ വാടകയും വൈദ്യുതി ചാർജ് 2000 രൂപയും ഹോട്ടൽ നടത്തുന്നവർ തന്നെയാണ് ചെലവഴിക്കുന്നത്.
സബ്സിഡി ലഭിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ നഗരസഭയിൽ ഹാജരാക്കിയിട്ടും നഗരസഭയിലെ ഒരുദ്യോഗസ്ഥൻ ചില ന്യായവാദങ്ങൾ നിരത്തി സബ്സിഡി തുക നിരസിക്കുകയാണ്. ഇതുമൂലം ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവർക്ക് ബാക്കിവന്നത്. ഗ്യാസ്, വിറക്, തൊഴിലാളികളുടെ വേതനം, ഹോട്ടലിലേക്ക് മറ്റ് ആവശ്യമായ സാധനങ്ങൾക്ക് വില വർധിച്ചപ്പോൾ വൻ സാമ്പത്തിക പ്രതിസന്ധി വന്നതാണ് അടച്ചുപൂട്ടാൻ കാരണമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.