‘നഴ്സിങ് സീറ്റ്: പട്ടികജാതി സംവരണം അട്ടിമറിക്കപ്പെട്ടത് അന്വേഷിക്കണം’
text_fieldsനീലേശ്വരം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ ബി.എസ്സി നഴ്സിങ് പ്രവേശനത്തിലെ പട്ടികജാതി വിദ്യാർഥികളുടെ പ്രത്യേക സംവരണം അട്ടിമറിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് അഖില കേരള മാവിലൻ സമാജം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് പാലക്കാട് കോളജ് സ്ഥാപിക്കാൻ 50 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. പട്ടികജാതി വകുപ്പിന് കീഴിൽ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും എം.ബി.ബി.എസ് പഠനം ആരംഭിക്കുകയും ചെയ്തു.
എം.ബി.ബി.എസിന് 72 ശതമാനം എസ്.സി,എസ്.ടി വിദ്യാർഥികൾക്കും 15 ശതമാനം ഓൾ ഇന്ത്യ േക്വാട്ടയും, 13 ശതമാനം ജനറൽ വിഭാഗത്തിനും നീക്കിവെച്ച് പ്രവർത്തിച്ചു വരുന്നു. എസ്.സി.പി ഫണ്ട് ഉപയോഗിച്ച് പട്ടിക വിഭാഗക്കാർക്കായി ഇതേ കാമ്പസിൽ നിർമിച്ച നഴ്സിങ് കോളജ് അടുത്തുതന്നെ പ്രവർത്തനം ആരംഭിക്കാൻ പോവുകയാണ്. കോളജ് പട്ടിക വികസന വകുപ്പിന് കീഴിലാക്കുന്നതിന് പകരം ആരോഗ്യ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കാൻ പോകുന്നത്.
അതിനാൽ നഴ്സിങ് പ്രവേശനത്തിൽ എസ്.സി, എസ്.ടി കുട്ടികൾക്ക് 10 ശതമാനം സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ. 75 ശതമാനം സീറ്റുകൾ നഷ്ടപ്പെടും. നിലവിൽ അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ ഈ വർഷം അധിക സംവരണം നൽകാനാകില്ലെന്നും അടുത്ത വർഷം നോക്കാമെന്നുമാണ് പറയുന്നത്. കോളജ് പട്ടികജാതി വകുപ്പിന് കീഴിൽതന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം എ.കെ.എം.എസ് സംസ്ഥാന പ്രസിഡന്റ് എം.വി. മാധവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.എം. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം കാരിക്കുട്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ അമ്പൂഞ്ഞി ചിമ്മക്കോട്, വാളൂർ മോഹനൻ, കെ. ശൈലജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.