മുടക്കിയത് 65 കോടി; പാലായി ഷട്ടർ കം ബ്രിഡ്ജ് ലക്ഷ്യംകണ്ടില്ല
text_fieldsനീലേശ്വരം: 1957ൽ ആദ്യ കേരള മന്ത്രിസഭ വിഭാവനംചെയ്ത് 2021ൽ പൂർത്തീകരിച്ച നീലേശ്വരം പാലായി റെഗുലേറ്റർ ഷട്ടർ കം ബ്രിഡ്ജ് 2024ലും യഥാർഥ ലക്ഷ്യംകാണാതെ കിടക്കുന്നു. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും എന്ന ലക്ഷ്യത്തോടെയാണ് പാലായി ഷട്ടർ കം ബ്രിഡ്ജ് വിഭാവനം ചെയ്തത്. 65 കോടി ചെലവിൽ നബാർഡിന്റെ സഹായത്തോടെ ഇറിഗേഷൻ വകുപ്പാണ് പദ്ധതി പൂർത്തീകരിച്ചത്. 2021 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. 4866 ഹെക്ടറോളം കൃഷിഭൂമിക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം.
കൂടാതെ, നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജ്, കിനാനൂർ-കരിന്തളം, വെസ്റ്റ്എളേരി, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
എന്നാൽ, രണ്ടരവർഷം കഴിഞ്ഞിട്ടും കുടിവെള്ളപദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. കോടികൾ ചെലവിട്ട് അണക്കെട്ട് പാലം നിർമിച്ചിട്ടും വേലിയേറ്റസമയത്ത് പാലായിയിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്ന സ്ഥിതിയാണ്.
നീലേശ്വരം നഗരസഭയെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം വന്നതല്ലാതെ പാലായി പദ്ധതിയുടെ ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇറിഗേഷൻ വകുപ്പിന്റെ ആസൂത്രണക്കുറവാണ് പദ്ധതി ലക്ഷ്യം കാണാതെപോകാൻ കാരണമെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.