ഗതാഗതക്കുരുക്കിൽ വലഞ്ഞ് ദേശീയപാതയിലെ യാത്രക്കാർ
text_fieldsനീലേശ്വരം: നിർമാണം പൂർത്തിയായ പള്ളിക്കര റെയിൽവേ മേല്പാലം ഗതാഗതത്തിനായി ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമായി. ദേശീയ പാതയിൽ ദിവസവും ഗതാഗതകുരുക്കിൽ വലയുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. ദേശീയപാത അതോററ്റിയുടെയും റെയിൽവേയുടെയും സാങ്കേതികക്കുരുക്കുകൾ തീർക്കാൻ കുറച്ച് ദിവസം വേണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞു.
മഴ ശക്തിപ്പെടുംമുമ്പ് പാലം ഗതാഗതത്തിന് തുറക്കാൻ നടപടിയുണ്ടാകണമെന്ന് ജില്ല കലക്ടർ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കാലവർഷം കനത്തതോടെ റെയിൽവേ ഗേറ്റ് വഴിയുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയിൽ ഗതാഗത തടസ്സം മണിക്കൂറോളം നീണ്ട് നിൽക്കും. പാലത്തിന് മുകളിൽ ഭാരപരിശോധന പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും റെയിൽവേ വകുപ്പിന്റെ എൻ.ഒ.സിയും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
2018 ഒക്ടോബറില് ആരംഭിച്ച് 2023 ജൂണിലാണ് പാലം നിർമാണം പൂർത്തിയായത്. എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയത്.
64.44 കോടി രൂപ ചെലവിൽ പണിത മേൽപാലത്തിന് 780 മീറ്റർ നീളവും 45 മീറ്റർ വീതിയുമുണ്ട്. മേൽപാലം യാഥാർഥ്യമാകുന്നതോടെ ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റ് ഇല്ലാതാകും. അതിനിടെ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച പള്ളിക്കര മേൽപാലം സന്ദർശിക്കും.
പള്ളിക്കര റെയിൽവേ ഗേറ്റ് ലോറിയിടിച്ച് തകർന്നു; ദിവസങ്ങൾക്കിടെ മൂന്നാം തവണ
നീലേശ്വരം: ദേശീയപാതയിലെ അവശേഷിക്കുന്ന പള്ളിക്കര റെയിൽവേ ഗേറ്റിൽ വീണ്ടും വാഹനമിടിച്ച് തകർന്നു. ചൊവ്വാഴ്ച രാവിലെ 7.10ന് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് ഗേറ്റ് തകർത്തത്. ദിവസങ്ങൾക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ലോറിയിടിച്ച് ഗേറ്റ് തകരുന്നത്. കിഴക്കുഭാഗത്തുള്ള ഗേറ്റാണ് തകർന്ന് റോഡിൽ വീണത്. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. നീലേശ്വരം പൊലീസെത്തി പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടപ്പുറം അച്ചാംതുരുത്തി പാലം വഴിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പള്ളിക്കര കുഞ്ഞിപുളിക്കൽ പേരോൽ റോഡ് വഴിയും തിരിച്ചുവിട്ടു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ന് ലോറിയിടിച്ച് ഗേറ്റ് തകർന്നതിനെ തുടർന്ന് രാത്രി 10വരെ ദേശീയപാതയിലെ ഗതാഗതം പൂർണമായും നിലച്ചിരുന്നു. ഒരാഴ്ച മുമ്പും പിക്കപ്പ് വാൻ ഗേറ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് ഗതാഗതം നിലച്ചിരുന്നു. തകരാർ പരിഹരിച്ച് ഉച്ചയോടെയാണ് വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.