നാടകമല്ല; ജീവിതം തിരിച്ചുപിടിക്കാൻ ഈ നടന് വേണം നാടിന്റെ കൈത്താങ്ങ്
text_fieldsനീലേശ്വരം: അരങ്ങിൽ തകർത്ത് അഭിനയിച്ച നടനാണ് പവിത്രൻ നീലേശ്വരം (47). നാടകം തന്നെ ജീവിതമാക്കിയ ഈ കലാകാരൻ ഇപ്പോൾ ജീവൻ നിലനിർത്താൻ നാട്ടുകാരുടെ സഹായത്തിനായി കൈനീട്ടുകയാണ്.
30 വർഷമായി സ്കൂൾ-കോളജ് കേരളോത്സവ വേദികളിലും ജില്ല, സംസ്ഥാന കലോത്സവ വേദികളിലും സജീവ സാന്നിധ്യമായ പവിത്രൻ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുകയാണ്. ഇരു വൃക്കകളും തകരാറിലായി രണ്ടുവർഷമായി ഡയാലിസിസ് ചെയ്യുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്.
പ്രഫഷനൽ നാടക സമിതികളിൽ കാൽനൂറ്റാണ്ട് അഭിനയരംഗത്തുണ്ടായിരുന്നു. പടന്നക്കാട് നെഹ്റു കോളജിനുസമീപം ആവണി പ്രോഗ്രാം ഏജൻസി എന്ന സ്ഥാപനം നടത്തിയിരുന്നു. പ്രഫഷണൽ പ്രോഗ്രാം ഏജൻസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമാണ്. ടെലിവിഷൻ സീരിയലിലും സിനിമാരംഗത്തും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ടൂറിസം വകുപ്പ്, കൊച്ചിൻ ദേവസ്വം ബോർഡ് പത്മശ്രീ, അടൂർ, ബാലൻ കെ. നായർ എന്നിങ്ങനെ നിരവധി പ്രാദേശിക അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 20 വർഷം വിധികർത്താവായും സ്കൂൾ മത്സര വേദികളിൽ നിറഞ്ഞുനിന്നു.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് പവിത്രന്റെ കുടുംബം. കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, അഡ്വ. കെ.കെ. നാരായണൻ, അഡ്വ. കെ. രാജഗോപാൽ, പാറക്കോൽ രാജൻ, കുര്യാക്കോസ് പ്ലാപ്പറമ്പൻ (രക്ഷാ.), പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത (ചെയർ.), വി. അനീഷ് (കൺ.). കോഓപറേറ്റിവ് അർബൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി: 102100010008906. ഐ.എഫ്.എസ് കോഡ്: 1BkL0340NCU. ഗൂഗ്ൾ പേ നമ്പർ: 7560851033.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.