പത്തുമാസം മുമ്പ് കാണാതായ നായ്ക്കുട്ടിയെ പൊലീസിന് കിട്ടി; ഉടമയെ തിരിച്ചറിഞ്ഞു
text_fieldsനീലേശ്വരം: പൊലീസും നായും പിന്നെ ഉടമയും തമ്മിലുള്ള ഒരു വൈകാരിക, ഹൃദയസ്പർശിയായ ബന്ധത്തിന്റെ കൂടിക്കാഴ്ചക്ക് നേർസാക്ഷ്യം വഹിച്ചിരിക്കുകയാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ.
കരിന്തളം കുമ്പളപ്പള്ളിയിലെ എം. ദിൽഷിത്തിന്റെ (23) പൊമേറിയൻ ഇനത്തിൽ പെട്ട വളർത്തുനായ്ക്കുട്ടിയെ പത്തുമാസം മുമ്പ് പെട്ടെന്ന് കാണാതായിരുന്നു. നാടും നഗരവും അരിച്ചുപെറുക്കുകയും വാട്സ്ആപ് ഗ്രൂപ്പിലും മറ്റ് സോഷ്യൽ മീഡിയയിലും നഷ്ടപ്പെട്ട നായുടെ ഫോട്ടോ സഹിതം നൽകുകയും ചെയ്തെങ്കിലും നായെ മാത്രം ദിൽഷിത്തിന് ലഭിച്ചില്ല.
ഇതിനിടയിൽ അഞ്ചു ദിവസം മുമ്പ് ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം തെരുവുനായ്ക്കൾ ഒരു നായ്ക്കുട്ടിയെ ആക്രമിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ അതിനെ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച് വെളളവും ഭക്ഷണവും നൽകി പരിചരിച്ചു.
ബേക്കൽ സ്റ്റേഷനിൽ ഒരു നായ്ട്ടിക്കുട്ടിയെ കിട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ ദിൽഷിത്ത് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തി. ദിൽഷിത്തിനെ കണ്ട ഉടൻ നായ്ക്കുട്ടി വാലാട്ടി അടുത്തുവന്ന് സ്നേഹപ്രകടനം നടത്തിയപ്പോൾ കണ്ട് നിന്നവരും അത്ഭുതപ്പെട്ടു. കഴുത്തിൽ ചുവന്ന ബെൽട്ട് ധരിച്ച കെൽവിൻ പേരുള്ള തന്റെ നായെ തിരിച്ചറിഞ്ഞ ദിൽഷിത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. ബേക്കലിൽനിന്ന് ബൈക്കിൽ നായയെ ഇരുത്തി കിലോമീറ്റർ സഞ്ചരിച്ച് കുമ്പളപ്പള്ളിയിലെ വീട്ടിൽ എത്തിച്ചു.
എ.എസ്.ഐ. രാജൻ, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, ഹരീഷ് കോളംകുളം എന്നിവർ നായുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിന് പൂർണ പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.