രക്ഷകയായി പൊലീസുകാരി; നിറകണ്ണുകളോടെ അഷു നാട്ടിലേക്ക്
text_fieldsനീലേശ്വരം: കൈവിട്ടുപോയതെന്ന് കരുതിയ സഹോദരിയെ തിരികെ കിട്ടിയപ്പോൾ സഹോദരെൻറ കണ്ണുകൾ ഈറനണിഞ്ഞു. കള്ളാർ ബത്ലഹേം പുനരധിവാസ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാവിലെയാണ് കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞ രംഗം.
ജനുവരി 24നാണ് നീലേശ്വരം നഗരത്തിലൂടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞുനടക്കുകയായിരുന്ന ആശ വിട്ടൽ ധനേൽ എന്ന അഷു നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫിസറായ ശൈലജയുടെ ശ്രദ്ധയിൽപെട്ടത്. വിശന്നുവലഞ്ഞ്, മുഷിഞ്ഞുകീറിയ വസ്ത്രങ്ങൾ ധരിച്ച യുവതിയെ കണ്ടപ്പോൾ ശൈലജക്ക് അസ്വാഭാവികത തോന്നി. രാജസ്ഥാനാണ് നാടെന്നാണ് ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന അഷു പറഞ്ഞത്. ട്രെയിനിലാണ് താൻ ഇവിടെ എത്തിയതെന്നും തെൻറ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം പോയെന്നും പറഞ്ഞപ്പോൾ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഭക്ഷണം നൽകി.
കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് കോവിഡ് ടെസ്റ്റും നടത്തിയ ശേഷം കള്ളാറിലെ ബത്ലഹേം പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. പിന്നീട് ദിവസവും ഇവരെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഇതിനിടയിലാണ് ബന്ധുക്കൾ അഷു കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. തിങ്കളാഴ്ച സഹോദരൻ നിതേഷ് സനവും മറ്റൊരു ബന്ധുവും കള്ളാറിലെത്തി തങ്ങളുടെ സഹോദരിയെ തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയാണ് സ്വദേശമെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.
രണ്ടുമാസം മുമ്പാണ് അഷുവിനെ ഭർത്താവ് വിട്ടലിെൻറ വീട്ടിൽ നിന്നും കാണാതായതെന്ന് പൊലീസിനെ അറിയിച്ചു. നാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അഷുവിനെയും കൊണ്ട് സനവും ബന്ധുവും നാട്ടിലേക്ക് തിരിച്ചു. ജീവിതം തിരിച്ചുനൽകിയ തങ്ങളുടെ സന്തോഷം ജനമൈത്രി ബീറ്റ് ഓഫിസർ ശൈലജയെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് വണ്ടികയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.