Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപ്രവാസികൾ...

പ്രവാസികൾ ചോദിക്കുന്നു, ഞങ്ങളെന്തിന് കേരളത്തിൽ​ ക്വാറന്‍റീനിൽ കഴിയണം?

text_fields
bookmark_border
pravasi meeting
cancel
camera_alt

മൊഗ്രാൽ ദേശീയവേദി പ്രവാസി ദിനത്തിൽ സംഘടിപ്പിച്ച പ്രവാസി സംഗമം മുഹമ്മദലി നാങ്കി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: വിദേശത്തുനിന്ന് ഇന്ത്യയിൽ എത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാറിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെയും അറിയിപ്പിനെ തുടർന്ന് ആശങ്കയിലായി ​ പ്രവാസികൾ.

ഗൾഫിൽനിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ്​ നെഗറ്റിവായി വീട്ടിലെത്തുന്ന ഞങ്ങൾ എന്തിന്​​ ക്വാറന്‍റീനിൽ കഴിയണമെന്നാണ്​ ഇവർക്ക്​ അധികൃതരോട്​ ചോദിക്കാനുള്ളത്. സാമൂഹിക അകലത്തിന്‍റെ കണികപോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്കു മാത്രം എങ്ങനെയാണ്​ ബാധിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.

വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്​ പടരുമെന്ന ശാസ്ത്രീയ പഠനം ഇല്ലാത്തതിനാൽ​ പ്രവാസികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്​ കണ്ണിൽ പൊടിയിടാനാണെന്നാണ്​ പ്രവാസികളുടെ അഭിപ്രായം. ഗൾഫ്​ രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ പോലും ഇന്ത്യയേക്കാൾ പത്തിൽ ഒന്ന്​ കേസ്​ മാത്രമാണുള്ളത്.

കോവിഡ്​ കുറഞ്ഞ രാജ്യത്തുനിന്നും കൂടിയ രാജ്യത്തേക്ക്​ വരുന്നവർക്ക്​ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ​ പ്രവാസികൾ ചോദ്യം ചെയ്യുകയാണ്​​. ചുരുങ്ങിയ ദിവ​സത്തേക്ക്​ അവധിക്കെത്തുന്ന​ പ്രവാസികളാണ്​ പ്രയാസപ്പെടുന്നത്​. ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തിരികെയെത്തേണ്ട അവസ്ഥയിലാണവർ.

കുടുംബത്തിലുള്ളവരുടെ മരണംപോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന്​ വരുന്നവർക്ക്​ ഏർ​പ്പെടുത്തിയിരുന്ന 'എയർ സുവിധ'യിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട്​ രണ്ടുമാസം കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും പ്രവാസികൾ പരാതിപ്പെടുന്നു.

തീരുമാനം പുനഃപരിശോധിക്കണം –ഐ.എം.സി.സി

കാസർകോട്​: ക്വാറന്‍റീൻ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് ഷാർജ ഐ.എം.സി.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യാത്ര പുറപ്പെടുന്നതിന്‍റെ 48 മണിക്കൂർ മുമ്പ്​ എടുത്ത കോവിഡ് പി.സി.ആർ നെഗറ്റിവ് ഫലം ഉള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കൂ എന്നിരിക്കെ, പ്രവാസികളെ സംശയനിഴലിൽ നിർത്തുന്ന ഇത്തരം സമീപനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജില്ല പ്രസിഡന്‍റ്​ ഹനീഫ് തുരുത്തി, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ ആവശ്യപ്പെട്ടു.

'പ്രവാസി ക്വാറൻറീൻ വ്യവസ്ഥ മാറ്റണം'

കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറൻറീൻ വ്യവസ്ഥ എടുത്തുകളയണമെന്ന് 30 വർഷം പ്രവാസിയായ, മുൻ കുവൈത്ത്​ കെ.എം.സി.സി പ്രസിഡന്‍റും നീലേശ്വരം നഗരസഭ കൗൺസിലറുമായ റഫീഖ്​ കോട്ടപ്പുറം ആവശ്യപ്പെട്ടു. ഗൾഫിൽ​വെച്ചും വിമാനത്താവളത്തിൽവെച്ചും എല്ലാ പരിശോധനയും കഴിഞ്ഞ് നെഗറ്റിവായി വരുന്ന പ്രവാസി വീണ്ടും വീട്ടിൽ എന്തിനാണ് ക്വാറൻറീനിൽ കഴിയുന്നതെന്നും ഇദ്ദേഹം ചോദിക്കുന്നു. ക്വാറൻറീൻ വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

'സംസ്​ഥാന സർക്കാർ ഇടപെടണം'

മണലാരണ്യത്തിൽനിന്ന് ചുരുങ്ങിയ ലീവിൽ വരുന്ന പ്രവാസികളെ ക്വാറൻറീൻ വ്യവസ്ഥ ബുദ്ധിമുട്ടിലാക്കുമെന്നും ഏഴു ദിവസം മുറിക്കുള്ളിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ നിയമം സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തലാക്കണമെന്നും പ്രവാസി സംഘം നീലേശ്വരം ഏരിയ കമ്മിറ്റി സെക്രട്ടറി കണ്ടത്തിൽ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

എല്ലാ പരിശോധനയും കഴിഞ്ഞ് വരുന്ന പ്രവാസിക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും നാട്ടിലെ സമ്പദ്ഘടനയുടെ വളർച്ചക്ക് സഹായം നൽകുന്ന പ്രവാസിയെ ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കണമെന്നും രാമചന്ദ്രൻ പറഞ്ഞു.

പാർട്ടികൾക്ക്​ ആൾക്കൂട്ട സമ്മേളനം ആകാമോ?

രാഷ്ട്രീയ പാർട്ടികൾക്ക് കോവിഡ് ചട്ടം ലംഘിച്ച് ആൾക്കൂട്ട സമ്മേളനങ്ങളും ജാഥകളും നടത്താൻ അനുവാദമുണ്ട്. എന്നാൽ, പ്രവാസി നാട്ടിലെത്തിയാൽ ക്വാറന്‍റീൻ നിയമം അനുസരിക്കണം. ഇതെന്ത് നീതിയാണെന്ന് അൽഐനിൽനിന്ന് 40 ദിവസം മുമ്പ് നാട്ടിലെത്തിയ സമദ് നിടുങ്കണ്ട ചോദിക്കുന്നു.

ഗൾഫിലെ ക്വാറന്‍റീറീൽ കഴിഞ്ഞ് എല്ലാ പരിശോധനയും കഴിഞ്ഞ് നാട്ടിലെത്തിയാൽ കുടുംബാംഗങ്ങളെ കാണാൻവരെ അവസരം നിഷേധിക്കുന്ന സർക്കാറിന്‍റെ കാടൻ സംവിധാനം നിർത്തലാക്കണം. നിയമനടപടികൾക്ക് പോയാൽ പ്രവാസികളെ കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് പോകുമെന്നും പിന്തുണക്കാൻ ആരുമുണ്ടാകില്ലെന്നും സമദ് കൂട്ടിച്ചേർത്തു.

'പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്നു'

മൊഗ്രാൽ: കേരളത്തിന്‍റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയർപ്പിൽ പണിതതാണെന്നും അവർ നാടിന്‍റെ നട്ടെല്ലാണെന്നും വിളിച്ചുകൂവുന്ന ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തിൽ പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്ന് മൊഗ്രാലിൽ ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ നിതാഖാത്തിലും ദുബൈയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സ്വദേശിവത്​കരണ സമയത്തും പ്രവാസികളുടെ സംരക്ഷണത്തിന് സർക്കാറുകൾ ഒന്നും ചെയ്തില്ല. വിമാനയാത്രയ്ക്ക് കാൽ ലക്ഷം മുതൽ അര ലക്ഷം രൂപ വരെ ടിക്കറ്റിന് കമ്പനികൾ ഈടാക്കുമ്പോഴും ഇടപെടൽ നടത്താതെ മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്.

പ്രവാസി ക്ഷേമ പദ്ധതിയും 'ഡ്രീം കേരള' മെഗാ മേളകളും വെളിച്ചം കാണാതെ പോയതായും സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി വ്യവസായി മുഹമ്മദലി നാങ്കി ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡന്‍റ്​ എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഴയകാല പ്രവാസിയായ അബുവിനെ ആദരിച്ചു. ജനറൽ സെക്രട്ടറി ടി.കെ. ജാഫർ, എ.കെ. ഇബ്രാഹിം, സെഡ്. എ മൊഗ്രാൽ, എം.എ. ഹമീദ് സ്പിക്ക്, കെ.എ. അബ്ദുറഹ്മാൻ, എം.എ. അബ്ദുൽ റഹ്മാൻ, എം.എ. ആരിഫ്, അബ്ദുല്ല ഹിൽടോപ്, ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, മാഹിൻ മാസ്റ്റർ, അബ്ദുല്ല മൊയ്‌തീൻ, മുഹമ്മദ് നാങ്കി, എം.എസ്. സലീം, എം.ജി.എ. റഹ്മാൻ, സീതി മൊയ്‌ലാർ, എം.എ. ഇല്യാസ്, മാമു ഹാജി, എം.എച്ച്. അബ്ദുൽ ഖാദർ, ശരീഫ് ബാഗ്ദാദ്, കെ.എ. ഖാലിദ്, എം.എ. ഇക്ബാൽ, അഹ്‌മ്മദലി നടുപ്പളം, റാഷിദ് കടപ്പുറം, ടി.പി. മുഹമ്മദ്, മുഹമ്മദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എ. മൂസ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasiquarantine
News Summary - Pravasis ask, why should we stay in quarantine in Kerala?
Next Story