കരിങ്കൽ ഖനനം; തുള്ളൻകല്ല് കോളനിവാസികൾക്ക് കുടിവെള്ളമില്ല
text_fieldsനീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കോളംകുളം, തുള്ളൻകല്ല് പട്ടികജാതി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്നു. ഒമ്പതു വർഷമായി പ്രവർത്തിക്കുന്ന സമീപത്തെ സ്വകാര്യവ്യക്തിയുടെ കരിങ്കൽ ക്വാറി പ്രവർത്തനംമൂലമാണ് കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ക്വാറികളിലെ സ്ഫോടനം മൂലം ഇപ്പോൾ കുടിവെള്ള പദ്ധതിയുടെ വാട്ടർടാങ്കിന് വിള്ളൽ വീണ് വെള്ളം പാഴാകുന്ന അവസ്ഥയാണ്. കോളംകുളം, തുള്ളൻകല്ല് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വകുപ്പ് സഹായത്തോടെ പദ്ധതി ആരംഭിച്ചത്.
2013ലാണ് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. പ്രദേശത്തെ 20ഓളം കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്നത്. സ്വകാര്യവ്യക്തി നടത്തുന്ന ക്വാറിയിലെ സ്ഫോടനത്താലുള്ള വിള്ളൽമൂലം വെള്ളം ഒഴുകുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല.
ഈ പ്രദേശത്തെ മറ്റു വീടുകളിലെ കിണർ വെള്ളത്തിന്റെ അളവും മഴക്കാലത്തുപോലും ക്രമാതീതമായി കുറയുന്നതായി നാട്ടുകാർ പറയുന്നു. നിയു.ഡി.എഫ് നേതാക്കളായ ബാബു ചേമ്പേന, സി.വി. ബാലകൃഷ്ണൻ, എൻ. വിജയൻ, ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു. കലക്ടർ ഉൾപ്പെടെയുള്ളവർക്ക് അടിയന്തരമായി ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.