രാജാ റോഡ് വീണ്ടും വെള്ളത്തിനടിയിൽ
text_fieldsനീലേശ്വരം: മഴക്കാലമാകുമ്പോൾ വെള്ളത്തിനടിയിലാകുന്ന രാജാ റോഡിന്റെ വികസനം ഇനിയും അകലെ. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ രാജാ റോഡ് മുഴുവൻ വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ, നീലേശ്വരം രാജാ റോഡ് നിര്‍മാണത്തിന് തടസ്സമായി റവന്യൂ വകുപ്പ് തടസ്സം നിൽക്കുന്ന ആക്ഷേപം വീണ്ടുമുയർന്നു.
രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം വേഗത്തില്‍ പുറപ്പെടുവിക്കണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജാ റോഡ് വികസനത്തിന് മുന്നോടിയായുള്ള സര്‍വേ നടപടികളുടെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്തിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും തുടര്‍ നടപടി ഒന്നും ആയിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റവന്യൂ വകുപ്പിന് 50 ലക്ഷം രൂപ ആറ് മാസം മുമ്പ് തന്നെ റോഡ് ഫണ്ട് നല്‍കിയിരുന്നു. ഏറ്റെടുക്കേണ്ട 40 കെട്ടിടങ്ങളില്‍ 10 കെട്ടിട ഉടമകളുടെ വിവരങ്ങളാണ് ലഭിക്കാന്‍ ബാക്കിയുള്ളത്.
കെട്ടിടങ്ങള്‍ അളന്നു തിട്ടപ്പെടുത്തി അടയാളപ്പെടുത്തുന്നതിന് മൂന്ന് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് രണ്ട് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം 11 /1 നോട്ടിഫിക്കേഷന്‍ റവന്യൂ വകുപ്പ് പുറത്തിറക്കാത്തതിനാല്‍ ഇവര്‍ക്ക് തുടര്‍ നടപടി സീകരിക്കാന്‍ കഴിയുന്നില്ല. ആറ് മാസം കാലാവധിയുള്ള ഇവരുടെ കാലാവധി മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ പൂര്‍ത്തിയാകും.14 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന രാജാ റോഡിന്റെ അലൈന്‍മെന്റ് കല്ലുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സ്ഥാപിച്ചത്.
രാജ റോഡ് നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകം തഹസില്‍ദാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യം ചുമതലയേറ്റ തഹസില്‍ദാര്‍ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറി പോയി, പുതിയ തഹസില്‍ദാര്‍ ചുമതലയേറ്റെങ്കിലും ഇതുവരെ നോട്ടിഫിക്കേഷന്‍ നടപടി ആയിട്ടില്ല. രാജ റോഡിന് വേണ്ടി പ്രത്യേകം ചുമതലയേല്‍പിച്ച തഹസില്‍ദാറുടെ ഓഫിസില്‍ നിലവില്‍ കാസര്‍കോട് കലക്ടറേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസ് നീലേശ്വരത്തേക്ക് മാറ്റിയാല്‍ മാത്രമേ പദ്ധതി നിർവഹണം വേഗത്തിലാവുകയുള്ളൂ.
1300 മീറ്റര്‍ നീളത്തില്‍ നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് നിർമിക്കുക. 16.25 കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്. ഇതില്‍ 8.8 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടിയാണ്. അഞ്ചു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വികസന പദ്ധതിയാണ് സാങ്കേതിക കാരണത്താല്‍ ഒന്നും എത്താതെനില്‍ക്കുന്നത്.
വീണ്ടുമൊരു മഴക്കാലം ആരംഭിച്ചതോടെ രാജാറോഡിലെ വെള്ളം നീന്തി കടന്നുവേണം ആളുകൾക്ക് യാത്രചെയ്യാൻ.
മരം കടപുഴകി വീട് ഭാഗികമായി തകർന്നു
കുമ്പള: കനത്ത മഴയെത്തുടർന്ന് മരം കടപുഴകി വീട് ഭാഗികമായി തകർന്നു. ഉളുവാർ അബ്ദുൽ ലത്തീഫിന്‍റെ വീടാണ് തകർന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ പെയ്ത ശക്തമായ മഴയെത്തുടർന്ന് മരം കടപുഴകി പുരപ്പുറം മേഞ്ഞ സിമൻറ് ഷീറ്റിൽ പതിക്കുകയായിരുന്നു. വീഴ്ചയിൽ സിമൻറ് ഷീറ്റുകൾ തകർന്നു. 25,000 രൂപയിൽപരം നഷ്ടം കണക്കാക്കുന്നു. വീട്ടുകാർ അകത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം. ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.