മുഖച്ഛായ മാറ്റാൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ
text_fieldsനീലേശ്വരം: ഏറെനാളത്തെ മുറവിളിക്കുശേഷം നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ തയാറാകുന്നു. നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തോടു ചേർന്ന് ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചു. വികസനത്തിന്റെ ഭാഗമായി പുതിയ പദ്ധതികൾ നടപ്പായാൽ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറും.
ഗാന്ധിപ്രതിമക്ക് താഴെയുള്ള ഭൂമി വാഹന പാർക്കിങ്ങിന് സജ്ജമാക്കും. കൂടാതെ കിഴക്കുഭാഗത്ത് പ്രത്യേക പ്രവേശന കവാടവും വാഹന പാർക്കിങ് സൗകര്യവുമൊരുക്കും. ഒന്നും രണ്ടും പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടുകയും പ്ലാറ്റ് ഫോമിൽ കൂടുതൽ മേൽക്കൂരകൾ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്യും. നീലേശ്വരം റെയില്വേ ഡെവലപ്മെന്റ് കലക്ടിവ് (എൻ.ആർ.ഡി.സി) സമർപ്പിച്ച വികസന പദ്ധതിയുടെ നിവേദനം റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ലഭിക്കുന്നമുറക്ക് ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നും ജനറൽ മാനേജർ അറിയിച്ചു.
കൂടുതൽ വണ്ടികളുടെ സ്റ്റോപ്പും ഗ്രൂപ് ബുക്കിങ്ങും വന്നതിനുശേഷം സ്റ്റേഷന്റെ പ്രതിദിനവരുമാനം മൂന്നു ലക്ഷം രൂപയായി വർധിച്ച കാര്യം ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.
എൻ.ആർ.ഡി.സി രക്ഷാധികാരി ഡോ. വി. സുരേശൻ, പ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ. സദാശിവൻ, വൈസ് പ്രസിഡന്റ് സി.എം. സുരേഷ് കുമാർ, ജോ. സെക്രട്ടറി കെ. ബാബുരാജ്, ട്രഷറർ എം. ബാലകൃഷ്ണൻ, പി.ടി. രാജേഷ്, പി.യു. ചന്ദ്രശേഖരൻ, ചീഫ് സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, കമേഴ്സ്യൽ സൂപ്പർവൈസർ രാജീവ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനൽ മാനേജറെയും സംഘത്തെയും സ്വീകരിച്ചു. പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി എൻ.ആർ.ഡി.സി നിർമിച്ചുനൽകിയ രണ്ട് വീടുകൾ അദ്ദേഹം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.