മഴക്കാലത്തും കുടിവെള്ളമില്ലാതെ അഴിത്തല നിവാസികൾ
text_fieldsനീലേശ്വരം: കാലവർഷത്തിലും കുടിവെള്ളം കിട്ടാതെ നീലേശ്വരം നഗരസഭയിലെ 25ാം വാർഡിൽപെടുന്ന അഴിത്തല നിവാസികൾ. കടൽതീരത്തോട് ചേർന്ന് നിൽക്കുന്നതിനാൽ കിണർ കുഴിച്ചാൽ ഉപ്പുവെള്ളമാണ് ലഭിക്കുക. നാട്ടുകാരുടെ നീണ്ട മുറവിളിക്കുശേഷമാണ് 2015 ജൂൺ ആറിന് പുതിയ കുടിവെള്ളപദ്ധതി തുടങ്ങിയത്. ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് എം.പിയായിരുന്ന പി. കരുണാകരനാണ്. ഇതിനായി കടലോരത്ത് കിണറും പമ്പ് ഹൗസും മോട്ടോറും മറ്റനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. ഇവിടെനിന്ന് കടൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പൈപ്പ് വഴി ഓരോവീട്ടിലും ശുദ്ധജലം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.
കുറച്ചുമാസം കൃത്യമായി 140ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചിരുന്നു. പിന്നീട് ഓരോ യന്ത്രങ്ങളും പല കാരണങ്ങളാൽ പ്രവർത്തിക്കാതെവന്നപ്പോൾ പദ്ധതി ഏറ്റെടുത്ത കരാറുകാരനും തിരിഞ്ഞുനോക്കാതെയായി. ഇപ്പോൾ മോട്ടോറും അനുബന്ധ യന്ത്രസാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയും സ്ഥലം കാടുമൂടിക്കിടക്കുകയും ചെയ്യുകയാണ്.
കുടിവെള്ള പദ്ധതിക്കായി ഓരോ ഗുണഭോക്താവും ചേർന്ന് രൂപവത്കരിച്ച കമ്മിറ്റി 1400 രൂപ ഈടാക്കിയിരുന്നുവെങ്കിലും കുടിവെള്ളം മാത്രം ലഭിച്ചില്ല. വേനലിലും മഴക്കാലത്തും ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് അഴിത്തല നിവാസികൾ. പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുകയോ നിലവിലുള്ള പദ്ധതിയുടെ തകരാർ പരിഹരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോകബാങ്കിന്റെ സഹായത്തോടെ കോടികൾ ചെലവഴിച്ച് ജില്ലയിൽ ആദ്യമായി തുടങ്ങിയ പദ്ധതിയാണിപ്പോൾ നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.