നീലേശ്വരം സിവിൽ സ്റ്റേഷന് റവന്യൂ വകുപ്പിന്‍റെ ഉടക്ക്
text_fieldsനീലേശ്വരം: അഞ്ചു കോടി രൂപ ചെലവിൽ നീലേശ്വരം നഗരത്തിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്റ്റേഷന് റവന്യൂ വകുപ്പ് അധികൃതർ എതിര് നിൽക്കുന്നുവെന്ന് ആക്ഷേപം. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ സ്റ്റേഷൻ ആവശ്യമില്ലെന്നാണ് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വാദം.
ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫിസിലെ ചില ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥർ സിവിൽ സ്റ്റേഷൻ തന്നെ വേണ്ടെന്ന റിപ്പോർട്ട് നൽകിയത്. ഇടതുപക്ഷ സർക്കാർ 2020 - 21 ബജറ്റിലാണ് അഞ്ചു കോടി രൂപ ചെലവിൽ നീലേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏഴോളം സർക്കാർ ഓഫിസുകളാണ് ആവശ്യത്തിന് കെട്ടിടസൗകര്യമില്ലാത്ത കാരണം നീലേശ്വരത്ത് നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോയത്. നീലേശ്വരത്തെ ജനങ്ങൾ ഏറെ ആഗ്രഹിക്കുന്ന മിനി സിവിൽ സ്റ്റേഷന് റവന്യൂവകുപ്പ് എതിർപ്പുമായിവന്നാൽ അതംഗീകരിക്കാനാവില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു. ഇക്കാര്യം എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.