കാലാവസ്ഥ ചതിച്ചു; പാലായിയിൽ നെൽകൃഷിക്ക് മഞ്ഞളിപ്പ് ബാധ
text_fieldsനീലേശ്വരം: വയലിൽ വെളളമില്ലാത്തതിനാൽ വിത്തിട്ട ഞാറ് വളരുന്നത് മഞ്ഞ നിറത്തിൽ. നഗരസഭയിലെ പാലായി പാടശേഖരത്തിലെ നെൽകൃഷിക്കാണ് ദുർഗതി. മഴ പെയ്യാത്തത് മൂലമാണ് വയൽ വരണ്ട് കിടക്കുന്നത്. പാലായി പാടശേഖരത്തിലെ 50 ഏക്കറിലധികം നെൽകൃഷിയാണ് വെള്ളമില്ലാതെ നശിക്കുന്നത്. ജൂൺ മാസത്തിൽ വിത്തിട്ട് മുളക്കുന്ന സമയത്ത് മഴ കിട്ടിയത് സഹായകരമായിരുന്നു. മൂന്ന് മാസം പ്രായമായപ്പോൾ കടുംപച്ച നിറത്തിൽ കാണേണ്ട ചെടികൾ വെള്ളം കിട്ടാതെ മഞ്ഞനിറമായി മാറിയ സ്ഥിതിയാണ്.
വളർച്ചക്കനുസരിച്ച് വെള്ളവും കിട്ടിയാൽ മാത്രമേ നൂറ് ശതവാനം വിളവ് ലഭിക്കുകയുള്ളു. പാലായിലെ പി.പി. ബാലകൃഷ്ണൻ, വളവിൽ കുത്തിക്കണ്ണൻ, ടി. ഹരിദാസ് തുടങ്ങി 25 ഓളം കർഷകരുടെ പാടത്തെ നെൽകൃഷിയാണ് നശിക്കുന്നത്. പൂർണമായ വിളവ് ലഭിച്ചാൽ മാത്രമേ മുടക്ക് മുതലെങ്കിലും തിരിച്ച് കിട്ടുകയുള്ളുവെന്നും ഇല്ലെങ്കിൽ കനത്ത സാമ്പത്തിക ബാധ്യതയാകുമെന്നും കർഷകനായ വി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. വിളവെടുപ്പിലെ നെല്ലാണ് അടുത്ത കൃഷിയിറക്കുന്നതിന് സൂക്ഷിച്ച് വെക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും മഴ മാറിനിന്നാൽ നെൽകൃഷി പൂർണമായും നശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.