ചിറപ്പുറം കവർച്ച കേസ്; പൊലീസിന്റെ മികവിൽ പ്രതി പിടിയിലായത് മണിക്കൂറുകൾക്കകം
text_fieldsനീലേശ്വരം: ചിറപ്പുറം കവർച്ചക്കേസിൽ പ്രതിയെ പൊലീസ് കുടുക്കിയത് മോഷണം നടന്ന് മണിക്കൂറുകൾക്കകം. കൊല്ലം കൊട്ടാരക്കര എഴുകോൺ ഇടക്കിടം അഭി വിഹാറിലെ എസ്. അഭിരാജിനെയാണ് (31) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്.ഐമാരായ ടി. വിശാഖ്, കെ.വി. രതീശൻ എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കാസർകോട് സൈബർ സെല്ലിന്റെയും കോഴിക്കോട് ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡായ ഡൻസാഫിന്റെയും സഹായത്തോടെയായിരുന്നു നീക്കം.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ സെക്രട്ടറി ഒ.വി. രവീന്ദ്രന്റെ ചിറപ്പുറത്തെ വീട്ടിൽനിന്ന് പതിനേഴര പവൻ സ്വർണവും 8000 രൂപയും കവർന്നത്. സംഭവം നടന്നയുടൻ ഇതേ വീട്ടിലെ സിറ്റൗട്ടിലെ സി.സി.ടി.വി കാമറയിൽനിന്നും സമീപത്തെ കാമറയിൽനിന്നും സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ശേഖരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇതിനൊപ്പംതന്നെ കുറ്റവാളികളുടെ പട്ടിക പരിശോധിച്ച് ജയി
ലിനുപുറത്തുള്ള പ്രതികളെപ്പറ്റിയും അന്വേഷണം നടത്തി. കൃത്യം നടന്ന വീട്ടിൽനിന്ന് രാത്രിതന്നെ ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇവയെല്ലാം വിശകലനം ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ സ്പോട്ട് ചെയ്യുകയും കോഴിക്കോട് പൊലീസിന്റെ സഹായത്തോടെ വലയിലാക്കുകയുമായിരുന്നു.
നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി.വി. ശ്രീജിത്ത്, അമൽ രാമചന്ദ്രൻ, ജയേഷ്, ഹോംഗാർഡ് ഗോപിനാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രങ്ങളിലെ വീടുകളിൽ കടന്നുചെന്ന് കാളിങ് ബെൽ അടിച്ച് ആളില്ലെന്നുപ്പായാൽ അടുക്കളഭാഗത്തെ വാതിൽ തകർത്ത് കവർച്ച നടത്തി സാധനങ്ങളുമായി ഇറങ്ങിപ്പോകുന്നതാണ് പ്രതിയുടെ ശൈലി. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ സ്റ്റേഷനുകളിലായി 13 കേസുകൾ പ്രതിക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.