ചന്ദനത്തൈലം പച്ചവെള്ളമായ സംഭവം: കുമാരന് ആനുകൂല്യം നൽകാൻ കോടതി വിധി
text_fieldsനീലേശ്വരം: വിരമിച്ച ശേഷവും നീതിക്കുവേണ്ടി പോരാടിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ നീലേശ്വരം പള്ളിക്കര കല്ലുങ്കാൽ വീട്ടിൽ വി.വി. കുമാരന് നീതിപീഠം കനിഞ്ഞു. പൊലീസ് പിടികൂടിയ ചന്ദനത്തൈലം പച്ചവെള്ളമായി മാറിയ സംഭവത്തിൽ കുമാരനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ 31 വർഷമായി നടത്തിയ പോരാട്ടത്തിനൊടുവിൽ കുമാരന് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാനാണ് ഹൈകോടതി വിധി.
പള്ളിക്കരയിലെ വി.വി. കുമാരൻ 1993ൽ കാസർകോട് സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. 1993 ഏപ്രിൽ 13ന് രാത്രി സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലായിരുന്നു കുമാരൻ. സി.ഐ എം.എം. ജോസഫ് കാസർകോട്ടെ ഒരു ഉന്നത വ്യക്തിയുടെ വീട്ടിൽനിന്ന് നാലു ബാരൽ ചന്ദനത്തൈലം പിടിച്ച് സ്റ്റേഷനിൽ എത്തിച്ച് ലോക്കപ് മുറിയിൽ സൂക്ഷിച്ചു. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥൻ രാത്രി ഫോൺ ചെയ്ത് ചന്ദനത്തൈലം ഉടൻ മാറ്റാൻ നിർദേശം നൽകി. അന്ന് ജി.ഡി ചാർജും കുമാരനായിരുന്നു. കുഞ്ഞിക്കോരൻ, ദാമോദരൻ എന്നീ പൊലീസുകാരുമുണ്ടായിരുന്നു.
രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ എത്തി ചന്ദനത്തൈലം വെച്ച മുറി പരിശോധിച്ചപ്പോൾ ബാരലിൽ പച്ചവെള്ളമാണ് കണ്ടത്. തുടർന്ന് ഏപ്രിൽ 18ന് അന്വേഷണവിധേയമായി കുമാരനടക്കമുള്ളവരെ സർവിസിൽനിന്ന് സസ്പെൻസ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2016ൽ ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ കുമാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. എന്നാൽ, സർക്കാർ മേൽകോടതിയിൽ അപ്പീലിന് പോയതോടെ സർവിസ് ആനുകൂല്യങ്ങൾ ഇല്ലാതായി. തുടർന്ന് മരിക്കുന്നതിനുമുമ്പ് കേസിൽ തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് ജസ്റ്റിസിന് കത്തയച്ചതാണ് വിധിക്ക് വഴിത്തിരിവായത്. 2024 ജൂൺ മൂന്നിന് ഹൈകോടതി കേസ് പരിഗണിക്കുകയും ഒക്ടോബർ 23ന് കുമാരന് അനുകൂലമായി വിധിക്കുകയും ചെയ്തു.
1984ലാണ് പൊലീസ് കോൺസ്റ്റബിളായി സർവിസിൽ കയറിയത്. പിരിച്ചുവിട്ട 1993 ഏപ്രിൽ മുതൽ പെൻഷൻ പ്രായം വരെയുള്ള എല്ലാ ആനുകൂല്യങ്ങളും തിരിച്ചുനൽകാനാണ് ഹൈകോടതി ഉത്തരവിലുള്ളത്. തന്റെ നിരപരാധിത്വം തെളിഞ്ഞെങ്കിലും നഷ്ടപ്പെട്ട ജീവിതം തിരിച്ചുതരുമോ എന്നാണ് കുമാരൻ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.