സ്പോർട്സ് കാർ നിർമിച്ച് സ്കൂൾ വിദ്യാർഥികൾ
text_fieldsനീലേശ്വരം: സ്പോർട്സ് കാറായ ബഗ്ഗിയുടെ നാടൻ പതിപ്പ് സ്വന്തമായി നിർമിച്ച് താരങ്ങളായി വിദ്യാർഥികളായ കൊച്ചു സഹോദരന്മാർ. നീലേശ്വരം കണിച്ചിറയിലെ കരീം-ഷെരീഫ ദമ്പതികളുടെ മകൻ ഇർഫാൻ, പിതൃസഹോദരൻ കൊട്രച്ചാലിലെ കെ.സി. അലി-റംല ദമ്പതികളുടെ മകൻ ഇഷാം എന്നിവരാണ് പഴയ സ്കൂട്ടറിന്റെയും ബൈക്കിന്‍റെയും കാറിന്‍റെയുമൊക്കെ ഭാഗങ്ങൾ ഉപയോഗിച്ച് ബഗ്ഗി നിർമിച്ച് നാട്ടിലെ താരങ്ങളായി മാറിയത്.
ഇർഫാൻ ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിനും ഇഷാം കണിച്ചിറയിലെ മർകസ് വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ചെറുപ്പം മുതലേ ഇരുവർക്കും വാഹനങ്ങളോടും ഇലക്ട്രോണിക്സിനോടും അടങ്ങാത്ത ആവേശമായിരുന്നു. ആദ്യം പി.വി.സി പൈപ്പുകൊണ്ട് കൊച്ചുകുട്ടികൾക്ക് ചെറിയയന്ത്രം ഉപയോഗിച്ചുള്ള വാഹനം നിർമിക്കാനായിരുന്നു ഉദ്ദേശിച്ചത്. പിന്നീട് ലോക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കുമ്പോഴാണ് സ്വന്തമായി വലിയ വാഹനം തന്നെ നിർമിച്ചാലോ എന്ന ആശയം തോന്നിയത്. ഇത് പങ്കുവെച്ചപ്പോൾ ഇഷാൻ കട്ടക്ക് സപ്പോർട്ടും നൽകിയതാണ് വാഹനം ഉണ്ടാക്കാൻ നിമിത്തമായതെന്ന് ഇർഫാൻ പറഞ്ഞു.
ഷെഡിൽനിന്ന് സ്പീഡോമീറ്റർ വെച്ച് പരിശോധിച്ചപ്പോൾ ഇപ്പോഴുണ്ടാക്കിയ ബഗ്ഗി കാർ 50 കിലോമീറ്റർ വേഗതയിൽ പോകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഓടിച്ചുനോക്കിയാൽ ഇത് 60 കിലോമീറ്റർവരെ എത്തുമെന്ന് ഇരുവരും പറയുന്നു.
ഇങ്ങനെ കാറുണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോൾ കൂട്ടുകാരും നാട്ടുകാരും കളിയാക്കി. എന്നാൽ, അതൊന്നും മുഖവിലക്കെടുത്തില്ല. ദൗത്യം പൂർത്തിയായപ്പോൾ കളിയാക്കിയവരെല്ലാം അനുമോദിച്ചുവെന്ന് ഇവർ പറഞ്ഞു. ഈ കൊച്ചു 'എൻജിനീയർ'മാർക്ക് സ്വന്തമായി ഇലക്ട്രിക് കാർ ഉണ്ടാക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.