കര മറന്ന് കടലാമകള്‍; മുട്ടയിടാൻ എത്തുന്നില്ല
text_fieldsനീലേശ്വരം: കടലാമകൾ കരയിൽ മുട്ടയിടാൻ എത്താത്തതിനാൽ കടുത്ത ആശങ്കയിലാണ് തൈക്കടപ്പുറത്തെ കടലാമ സംരക്ഷകരായ നെയ്തൽ പ്രവർത്തകർ.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നിൽപ്പെടുത്തി സംരക്ഷിച്ചുവരുന്ന ‘ഒലിവ് റിഡ്ലി’ കടലാമകളാണ് ഇത്തരത്തില്‍ മുട്ടയിടാന്‍ തൈക്കടപ്പുറത്ത് എത്തിയിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ആമകള്‍ മുട്ടയിടാനെത്തി ഡിസംബറോടെ സീസണ് അവസാനിക്കുകയും ചെയ്യും.
എന്നാൽ, ഈ വർഷം ഒരു ആമയും മുട്ടയിടാൻ തൈക്കടപ്പുറം തീരത്ത് എത്തിയില്ല. കടലാമ സംരക്ഷണത്തിനായി രൂപവ്തകരിച്ച തൈക്കടപ്പുറം നെയ്തലിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതൽ മുട്ടകൾ ലഭിച്ചിരുന്നു. പിന്നീട് കാലക്രമേണ മുട്ടയിടാനെത്തുന്ന ആമകളുടെ വരവ് കുറഞ്ഞു.
കടലിലെ പരിസ്ഥിതി മാറ്റം വിവിധ ജീവികളെ ബാധിക്കുന്നതിന്റെ ഫലമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് നെയ്തൽ പ്രവർത്തകർ അനുമാനിക്കുന്നത്. കേരളത്തിൽ പ്രധാനമായും കൊയിലാണ്ടിയിലെ കൊളാവിയിലും കാസര്‍കോട് നീലേശ്വരത്തെ തൈക്കടപ്പുറത്തുമാണ് കടലാമകൾ മുട്ടയിടാൻ എത്താറുള്ളത്.
തൈക്കടപ്പുറത്ത് 2002 മുതല്‍ മുട്ടകള്‍ ശേഖരിച്ച് സുരക്ഷിതമായ ഹാച്ചറിയൊരുക്കി വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾ പ്രായപൂർത്തിയായതിനു ശേഷം മാതൃ തീരങ്ങളിൽ തന്നെ വിടാറാണ് പതിവുരീതി. അശാസ്ത്രീയമായ മത്സ്യബന്ധന രീതി ആമകളുടെ നാശത്തിന് ഇടയാക്കുന്നുണ്ട്. മത്സ്യബന്ധനത്തിനുശേഷം കടലിൽ ഉപേക്ഷിക്കുന്ന പാഴ്വസ്തുക്കളിൽ പറ്റിപ്പിടിച്ച് കിടക്കുന്ന തോടുള്ള ജീവികളെ കഴിക്കാൻ എത്തുന്ന ആമകൾ അബദ്ധത്തിൽ വലകളിൽ കുടുങ്ങും.
ഇത്തരത്തിൽ കുടുങ്ങിയ ആമകൾ വലയിൽ കുരുങ്ങി ചത്തു പോകുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആമകളുടെ വംശനാശത്തിന് ഇത് കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.