സർവിസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: മുസ് ലിം ലീഗിൽ പൊട്ടിത്തെറി; യൂത്ത് ലീഗ് നേതാവ് രാജിെവച്ചു
text_fieldsനീലേശ്വരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി മുസ് ലിം ലീഗിൽ പൊട്ടിത്തെറി. നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവും നീലേശ്വരം സർവിസ് സഹകരണ ബാങ്കിന്റെ നിലവിലെ ഡയറക്ടറുമായ പി.സി. ഇഖ്ബാൽ കോട്ടപ്പുറവും സഹപ്രവർത്തകരും മുസ് ലിം ലീഗിൽ നിന്നും രാജിവെച്ചു.
രാജിക്കത്ത് മുനിസിപ്പൽ മുസ് ലിം ലീഗ് സെക്രട്ടറി അഡ്വ.എ. നസീറിന് നൽകി. നീലേശ്വരം സർവിസ് സഹകരണ ബാങ്കിൽ മുസ് ലിം ലീഗിന് അനുവദിച്ച ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇഖ്ബാലും കൂട്ടരും രാജി വെക്കാൻ കാരണം.
പതിറ്റാണ്ടുകളായി ഈ സീറ്റ് മുസ് ലിം ലീഗിലെ തൈക്കടപ്പുറം വാർഡിലുള്ളവർക്കാണ് നൽകുന്നത്. എന്നാൽ ഡയറക്ടർ സ്ഥാനം കോട്ടപ്പുറം പ്രദേശത്തിന് നൽകണമെന്ന് പ്രദേശത്തെ മുസ് ലിം ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു വരുകയാണ്. മുമ്പ് ഡയറക്ടറായിരുന്ന തൈക്കടപ്പുറം ലീഗ് കമ്മിറ്റി ശാഖയിലെ കുട്ടി ഹാജിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് രണ്ടര വർഷം കോട്ടപ്പുറത്തെ പി.സി. ഇഖ്ബാലിനെ താൽക്കാലിക ഡയറക്ടറാക്കിയിരുന്നു.
കാലാവധി പൂർത്തിയാക്കി പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഡയറക്ടർ സ്ഥാനം തങ്ങൾക്ക് തന്നെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തൈക്കടപ്പുറത്തെ പ്രവർത്തകർ രംഗത്തു വന്നു. ഇതോടെ പതിറ്റാണ്ടുകളായി തൈക്കടപ്പുറം ശാഖയിലുള്ളവർ കൈയടക്കി വെച്ചിരുന്ന സ്ഥാനത്തേക്ക് മറ്റു ശാഖയിലുള്ളവരെയും പരിഗണിക്കണമെന്ന് പി.സി. ഇഖ്ബാലിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെട്ടു.
എന്നാൽ കോട്ടപ്പുറക്കാരുടെ ആവശ്യം പരിഗണിക്കാതെ ലീഗ് നേതൃത്വം തൈക്കടപ്പുറം ആഴിത്തലയിലെ മഹമൂദിനെ സ്ഥാനാർഥിയാക്കി. ഈ സാഹചര്യത്തിലാണ് കോട്ടപ്പുറം ശാഖയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇഖ്ബാലും ഇരുപത്തിഅഞ്ചോളം യൂത്ത്ലീഗ് പ്രവർത്തകരും മുനിസിപ്പൽ നേതൃത്വത്തിനു രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആനച്ചാൽ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പി.സി. ഇഖ്ബാൽ യൂത്ത്ലീഗിന്റെ മുൻ നഗരസഭ പ്രസിഡന്റ് കൂടിയായിരുന്നു. യൂത്ത് ലീഗ് നേതാവായ പി.സി. ഇഖ്ബാൽ കോട്ടപ്പുറത്തിന്റെ രാജിയോടെ മുസ് ലിം ലീഗ് വൻ പൊട്ടിത്തെറിയിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.