നൂറുകവിഞ്ഞ് സ്മിത ടീച്ചറുടെ ശുഭദിന കവിതകള്‍
text_fieldsനീലേശ്വരം: സുഹൃത്തുക്കൾക്ക് ഉണര്‍ത്തുപാട്ടായി സ്മിത ടീച്ചറുടെ ശുഭദിന കവിതകള്‍. അലോസരപ്പെടുത്തുന്ന ഗുഡ് മോണിങ് സന്ദേശങ്ങള്‍കൊണ്ട് മൊബൈല്‍ ഫോണുകള്‍ നിറയുമ്പോള്‍ സ്വന്തം കവിത അയച്ച് ശ്രദ്ധേയമാവുകയാണ് മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി സ്കൂള്‍ അധ്യാപിക പി. സ്മിത.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച കാവ്യസൗഹൃദം അഞ്ചുമാസം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തിലാണ് ടീച്ചറും സുഹൃത്തുക്കളും. കവിതകളുടെ എണ്ണം 150 കഴിഞ്ഞതോടെ ശുഭദിന കവിത സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ടീച്ചറുടെ കൂട്ടുകാര്‍.
ആറുമുതല്‍ പത്തുവരെ വരികളുള്ള കവിത തലേദിവസം രാത്രിതന്നെ എഴുതിവെക്കും. കവിതക്കുള്ള ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്നതില്‍ സുഹൃത്തുക്കള്‍ തമ്മില്‍ മത്സരമാണ്. പൂക്കളും പൂവാടിയും മലയും മരവും കടലും പക്ഷികളും തുടങ്ങി ചിത്രങ്ങളിലെ വൈവിധ്യം കവിതയുടെ പ്രമേയത്തിലും വരുത്തും. രാവിലെ അഞ്ചിന് ബ്രോഡ് കാസ്റ്റിങ് ഗ്രൂപ്പിലൂടെ നൂറുപേര്‍ക്ക് അയച്ചുകൊടുക്കും.
അഭിനന്ദനങ്ങളോടൊപ്പം ഗ്രൂപ്പുകളിലേക്കും ഫേസ് ബുക്കിലേക്കും കവിതകള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഓരോ കവിതയും മണിക്കൂറുകള്‍കൊണ്ട് വൈറലാകും. വിനോദത്തിനുവേണ്ടി തുടങ്ങിയ എഴുത്ത് കവി കുരീപ്പുഴ ശ്രീകുമാര്‍ അടക്കമുള്ള സൗഹൃദ കൂട്ടായ്മയുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നിമിത്തം നിര്‍ത്താന്‍ പറ്റാത്ത നിലയിലേക്ക് മാറിക്കഴിഞ്ഞു.
ആറുമണിക്കുള്ളില്‍ കവിത കണ്ടില്ലെങ്കില്‍ പിന്നെ വായനക്കാരുടെ അന്വേഷണം തുടങ്ങും. പച്ചയാം വിരിപ്പിട്ട മലനിരകളും കളംകളം പാടി ഒഴുകുന്ന പുഴകളും മാത്രമല്ല കാര്‍ത്തികയിലെ ചൂടും തിരുവാതിരയിലെ കുളിര്മഴയുംവരെ ടീച്ചറുടെ കുഞ്ഞുകവിതകള്‍ക്ക് വിഷയമാകുന്നു.
ഉള്ളൂരും ചങ്ങമ്പുഴയും കുമാരനാശാനും വാഴ്ത്തിപ്പാടിയ കേരളക്കരയുടെ പ്രകൃതിസൗന്ദര്യം വര്‍ണനയുടെ രുചിഭേദം ചേര്‍ത്ത് മനോഹരമാക്കുകയാണ് തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിയായ സ്മിത ടീച്ചര്‍. കടല്‍ മഷിപ്പാത്രം എന്ന പേരില്‍ കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭദിന കവിതകള്ക്കുപുറമെ മറ്റൊരു കവിത സമാഹാരംകൂടി അച്ചടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.