ഫീസാണ് മുഖ്യം, കളി പിന്നെ: ഇങ്ങനെയും ഒരു സ്റ്റേഡിയം
text_fieldsനീലേശ്വരം: കായിക മുന്നേറ്റം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം ഉപയോഗിക്കുന്നവർക്കുള്ള ഫീസ് വർധനക്കെതിരെ കായിക പ്രേമികൾ. സംസ്ഥാന സർക്കാർ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയം നടത്തിപ്പ് ചുമതല നൽകിയത്.
ഈ ഫൗണ്ടേഷനാണ് പൊതുജനങ്ങൾക്കും കായിക താരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കുന്നതിനുള്ള നിരക്ക് നിശ്ചയിച്ചത്. നീലേശ്വരം മണ്ഡലത്തിൽനിന്ന് 1957ൽ മത്സരിച്ച് വിജയിച്ച് ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ ഓർമക്കായാണ് കിഫ്ബി വഴി 17.04 കോടി രൂപ ചെലവഴിച്ച് ഏഴ് ഏക്കറിൽ നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം പുത്തരിയടുക്കത്ത് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിച്ചത്.
400 മീറ്റർ സിന്തറ്റിക് ട്രാക്, ഗാലറി സൗകര്യങ്ങളോടുകൂടി വോളിബാൾ, ബാസ്കറ്റ് ബാൾ കോർട്ട്, പവലിയൻ കെട്ടിടം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.
നീലേശ്വരം നഗരസഭക്ക് നടത്തിപ്പ് ചുമതല നൽകാത്തത് തന്നെ ദുരൂഹത ഉണ്ടാക്കുന്നതാണ്. സംസ്ഥാന സർക്കാറിന്റെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയുടെ ഉത്തരവിന്റെ ഭാഗമായാണ് നിശ്ചിത ഫീസ് നൽകി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുന്നത്.
ഫീസ് നിരക്ക് ഇങ്ങനെ
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന ഫീസ് പ്രതിമാസം 300 രൂപയാണ്. പൊതുജനങ്ങൾക്ക് പ്രഭാതസവാരി ഉൾപ്പെടെ വ്യായാമങ്ങൾ ചെയ്യുന്നതിനും സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും ഇതിലൂടെ സാധ്യമാകും. കൂടാതെ സ്റ്റേഡിയത്തിലെ സൗകര്യം ഉപയോഗിച്ച് കായിക മത്സരങ്ങൾ നടത്തുന്നതിന് ഒരു ദിവസത്തെ വാടക 5000 രൂപയാണ്.
സ്വിമ്മിങ് പൂൾ അക്വാറ്റിക് അസോസിയേഷനുമായി സഹകരിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നീന്തൽ പരിശീലനം നൽകും. ഒരു മണിക്കൂറിന് ജി.എസ്.ടി ഉൾപ്പെടെ ഫീസ് 100 രൂപയായിരിക്കും. പ്രതിമാസ ഫീസ് ജി.എസ്.ടി ഉൾപ്പെടെ 2000 രൂപയും മൂന്നു മാസത്തേക്ക് 5000 രൂപയും ആറു മാസത്തേക്ക് 9000 രൂപയും ഈടാക്കും.
വിദ്യാർഥികൾക്ക് സ്കൂളുകൾ മുഖേന നീന്തൽ പരിശീലനം നടത്തുന്നതിന് ഡിസ്കൗണ്ട് നൽകുന്നതിനും മത്സരങ്ങൾ നടത്തുന്നതിന് ഒരു ദിവസത്തേക്ക് 20 വിദ്യാർഥികൾക്ക് 2000 രൂപ നിരക്കിൽ പ്രത്യേക പാക്കേജായും അനുവദിക്കും.
ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ കായിക താരങ്ങൾക്ക് സ്റ്റേഡിയം സൗജന്യമായി പരിശീലനത്തിന് അനുവദിക്കും. അതോടൊപ്പം ദേശീയ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിന് എൻട്രി ഫീസിൽ ഇളവുകൾ അനുവദിക്കുകയും ചെയ്യും.
സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നിർദേശിച്ചതു പോലെ 30 ശതമാനം ഡിസ്കൗണ്ടിൽ സ്റ്റേഡിയം അനുവദിക്കും. ജില്ല ഫുട്ബാൾ അസോസിയേഷൻ, ജില്ല റഗ്ബി അസോസിയേഷൻ എന്നിവർ ഫീസ് വർധനക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.