നീലേശ്വരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം
text_fieldsനീലേശ്വരം: നഗരം തെരുവുനായ്ക്കളുടെ പിടിയിലമർന്നു. ദേശീയപാത മാർക്കറ്റ് ജങ്ഷൻ മുതൽ കോൺവന്റ് ജങ്ഷൻ വരെ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. ചൊവ്വാഴ്ച മെയിൻ ബസാറിൽ 25ൽപരം തെരുവുനായ്ക്കളുടെ വിളയാട്ടമായിരുന്നു. നടുറോഡിൽ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കൾ വാഹനയാത്രക്കാർക്കും ഭീഷണിയാണ്. റോഡിൽ നായ്ക്കൾ കടിപിടി കൂടുമ്പോൾ കാൽനടയാത്രക്കാർ ഓടിയൊളിക്കേണ്ട അവസ്ഥയാണ്.
നൂറിലധികം നായ്ക്കൾ നഗരത്തിൽ തമ്പടിച്ച് ജനങ്ങൾക്ക് ഭീഷണിയാവുകയാണ്. ഒരുമാസം മുമ്പ് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ, മുഴുവൻ നായ്ക്കൾക്കും വന്ധ്യംകരണം നടത്തിയില്ല. പകൽനേരത്തും രാത്രിയിലും അലഞ്ഞുനടക്കുന്നത് സ്കൂൾ വിദ്യാർഥികൾക്കും രാവിലെ മദ്റസയിലേക്ക് പോകുന്ന കുഞ്ഞുങ്ങൾക്കും ഭീഷണിയാവുകയാണ്.
മറ്റു സ്ഥലങ്ങളിൽനിന്ന് നായ്ക്കളെ വാഹനങ്ങളിൽ കൊണ്ടുവന്ന് നഗരത്തിൽ തള്ളുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്ന് നഗരവാസികൾ പറയുന്നു. നഗരത്തിലെ വ്യാപാരികളും നായ്ക്കളുടെ ഭീഷണി നേരിടുന്നുണ്ട്. ആളുകൾക്ക് ഭീഷണിയാവുന്ന തെരുവുനായ്ക്കളെ പിടികൂടാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.