പിക്അപ് വാനിൽ കൊണ്ടുപോയ രോഗിയുടെ മരണം: വാർത്ത വാസ്തവവിരുദ്ധമെന്ന്
text_fieldsനീലേശ്വരം: ആംബുലൻസ് വിളിച്ച് കിട്ടാത്തതിനാൽ കോവിഡ് രോഗിയെ പിക്അപ് വാനിൽ കൊണ്ടുപോയതിനെ തുടർന്ന് രോഗി മരിച്ചുവെന്ന വാർത്ത വസ്‌തുതകൾക്ക് വിരുദ്ധമാണെന്ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി പ്രസ്താവനയിൽ പറഞ്ഞു.
സംഭവസ്ഥലം 10ാം വാർഡിലെ കൂരാങ്കുണ്ട് മലയോരമേഖലയാണ്. ഇവിടെയാണ് സേവിയർ (സാബു) വെട്ടംതടവും കുടുംബവും താമസിക്കുന്നത്. ഭാര്യയും മകളും കോവിഡ് പോസിറ്റിവായി വീട്ടിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ഇയാളെ ബോധരഹിതനായി കണ്ടത്. ഉടൻ അയൽക്കാരെ വിളിച്ചുവരുത്തി വെള്ളരിക്കുണ്ടിലുള്ള ആംബുലൻസ് വിളിച്ചെങ്കിലും അത് കാഞ്ഞങ്ങാട് പോയി തിരിച്ച് ഒടയഞ്ചാലിൽ എത്തിയതേയുള്ളൂവെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അപ്പോഴേക്കും വാർഡ് അംഗവും ആശാവർക്കറുമെത്തി കരിന്തളം മെഡിക്കൽ ഓഫിസറെ വിവരം അറിയിച്ചു.
ബോധരഹിതനായതിനാൽ എത്രയുംപെട്ടെന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ബോധരഹിതനായതിനാൽ എങ്ങനെയെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കാൻ ആലോചിച്ചു. അങ്ങനെയാണ് തൊട്ടടുത്ത പിക്അപ് വാനിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. ഭാര്യയും മകളും കോവിഡ് പോസിറ്റിവ് ആയതിനാൽ സേവിയർ സമ്പർക്കത്തിലായതിനാൽ കൂടെ പോകുന്നവർക്ക് പി.പി.ഇ കിറ്റും ലഭ്യമാക്കി. സ്ട്രക്ചർ ഇല്ലാത്തതിനാൽ ഭാര്യ തന്നെയാണ് കട്ടികുറഞ്ഞ കിടക്ക നൽകിയത്.
ഇതിൽ കിടത്തിയാണ് പിക്അപ് വാനിൽ കയറ്റി വാർഡ്തല ജാഗ്രത സമിതിയംഗങ്ങളും അയൽവാസികളും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അവിടെനിന്നും ഡോക്ടറുടെ നിർദേശപ്രകാരം ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.