ടാങ്കർ ലോറിക്ക് തീപിടിച്ചു; ഡ്രൈവറുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി
text_fieldsനീലേശ്വരം: മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പെട്രോളുമായി വരികയായിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കാസർകോട് വിദ്യാനഗറിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ഉടൻ വണ്ടി നിർത്തി. ചാടിയിറങ്ങി നോക്കുമ്പോൾ കാബിന്റെ അടിയിൽനിന്ന് തീ ഉയരുന്നത് കണ്ടു.
നീലേശ്വരം സ്വദേശിയായ ഡ്രൈവർ ജിജുകുമാർ വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ എസ്റ്റിങ്ഗ്വിഷർ ഉപയോഗിച്ചു തീയണക്കാൻ തുടങ്ങി. ഫയർഫോഴ്സും പൊലീസും എത്തുമ്പോഴേക്കും ഡ്രൈവർ തീ മുഴുവനും അണച്ചിരുന്നു.
ഓഫിസും സ്കൂളും വിട്ട സമയമായതിനാൽ നല്ല തിരക്കായിരുന്നു ടൗണിൽ. ഫയർഫോഴ്സും പൊലീസും ഡ്രൈവറെ അഭിനന്ദിച്ചു. തുടർന്ന് മെക്കാനിക് വന്ന് വാഹനത്തിന്റെ കേടുപാടുകൾ തീർത്ത ശേഷമാണ് വാഹനവുമായി ജിജു യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.