നിലനിൽപിനായി അധ്യാപക വേഷം അഴിച്ചു; ഇനി ചുമട്ടുകാരൻ
text_fieldsനീലേശ്വരം: ഒന്നരപ്പതിറ്റാണ്ടിലധികം നീണ്ട സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന ജീവിതത്തിൽനിന്ന് വഴിമാറി പരപ്പ ടൗണിൽ ചുമട്ടുകാരനായി ഒരധ്യാപകൻ. പരപ്പയിലെ എം.കെ. സതീഷാണ് പരപ്പ ടൗണിൽ ജീവിതത്തിന്റെ ഭാരമേറ്റുന്നത്. വൈറ്റ്കോളർ ജോലി മാത്രമാണ് മികച്ചതെന്ന് കരുതുന്ന യുവതലമുറക്കുമുന്നിൽ പാഠമായി മാറുകയാണ് ഇദ്ദേഹം. 1995ൽ ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എൽ.സിയും കമ്പല്ലൂർ ഹയർ സെക്കൻഡറിയിൽനിന് നല്ല മാർക്കോടെ പ്ലസ്ടുവും പാസായി.
നീലേശ്വരം പ്രതിഭ കോളജിൽനിന്ന് ബിരുദ-ബിരുദാനന്തര കോഴ്സ് പഠനത്തോടൊപ്പം തന്നെ അധ്യാപനവും തുടർന്നു. സെയിൽസ്മാൻ, സോഡ കമ്പനിയിലെ ജോലി, തൂമ്പാപ്പണി, കിണർ കുത്തൽ, കോൺക്രീറ്റ് പണി, ചെത്തുകല്ല് ലോഡിങ്, തട്ടുകട, തുടങ്ങി സ്വന്തം അധ്വാനത്തിലൂടെ പഠനത്തിനും ജീവിതത്തിനുമുള്ള ചെലവ് കണ്ടെത്തി. പരപ്പ ബുദ്ധ കോളജ്, ലയോള കോളജ് കുന്നുംകൈ, നവഭാരത് പരപ്പ, സെൻറ് മേരീസ് ചെറുപനത്തടി, സെൻറ് തോമസ് മാലോം, ഡിവൈൻ കാഞ്ഞങ്ങാട്, സ്കോളർ കോളജ്, ചെമ്മനാട് ജമാഅത്ത് കോളജ്, കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളായ നെഹ്റു കോളജ്, കണ്ണൂർ എസ്.എൻ കോളജ്, എന്നിവിടങ്ങളിലൊക്കെയും ഗെസ്റ്റ് അധ്യാപകനായി ജോലി ചെയ്തു.
വിദൂര വിദ്യാഭ്യാസ സമ്പ്രദായവും ഒപ്പം സ്വാശ്രയ കോളജുകളുടെ വരവും സമാന്തര സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും നിലനിൽപിനെ തന്നെ ബാധിച്ചു. അതിജീവനത്തിനായി പാടുപെടുന്ന പാരലൽ കോളജുകളിൽനിന്നും ഇതുമൂലം അധ്യാപകർ പടിയിറങ്ങി. മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറേണ്ട അവസ്ഥയും വന്നു. ഇപ്പോഴത്തെ ജോലിയിൽ പൂർണ സംതൃപ്തനെന്ന് സതീഷ് സന്തോഷത്തോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.