അടിപ്പാതയെ ചൊല്ലി പോര്
text_fieldsനീലേശ്വരം: ആകാശപാത വേണമെന്ന ആവശ്യത്തിൽ പോരടിച്ച എൽ.ഡി.എഫ് നേതൃത്വവും മുനിസിപ്പൽ യു.ഡി.എഫ് നേതൃത്വവും വീണ്ടും തമ്മിലടി. പരസ്പരം ഏറ്റുമുട്ടി ആകാശപാത നഷ്ടപ്പെട്ടങ്കിൽ, അടുത്തത് അടിപ്പാത നിർമാണത്തിലെ അവകാശവാദത്തിനായുള്ള പോരാണ് തുടങ്ങിയത്. ഞങ്ങളാണ് അടിപ്പാത വരാൻ കാരണമെന്ന് പറഞ്ഞാണ് ഇരുവിഭാഗവും പ്രസ്താവനയുദ്ധം നടത്തുന്നത്.
ആകാശപാത ഇല്ലാതായതോടെ എംബാങ്ക്ഡ് ബ്രിഡ്ജാണ് നീലേശ്വരത്തിന്റെ പ്രവേശനകവാടത്തിൽ നിർമിക്കുന്നത്. നഗരത്തിലേക്ക് കടന്നുപോകാൻ മാർക്കറ്റ് ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നത് ആശ്വാസമാകും. ഈ അടിപ്പാതയുടെ നീളവും വീതിയും ചൊല്ലിയുമാണ് നഗരസഭ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഇപ്പോൾ പോര് തുടങ്ങിയത്. മാർക്കറ്റ് ജങ്ഷനിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ആരോപിച്ചു.
ദേശീയപാത അതോറിറ്റി നീലേശ്വരം മാർക്കറ്റിൽ പ്രപോസ് ചെയ്തത് എംബാങ്ക്മെന്റ് തരത്തിലുള്ള റോഡ് നിർമാണമാണെന്ന് മനസ്സിലാക്കിയ ഉടനെ നഗരസഭ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും മാർക്കറ്റ് ജങ്ഷനിൽ ആകാശപാത നിർമാണം ആവശ്യപ്പെട്ട് ദേശീയപാത അധികൃതരെ കണ്ട് നിവേദനവും നൽകി. ധർണ നടത്തുകയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവരോട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നുവെന്ന് നഗരസഭ വൈസ് ചെയർമാൻ പറഞ്ഞു.
എംബാങ്ക്ഡ് രീതിയിലുള്ള അടിപ്പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുള്ളൂ. അതിനാൽ അടിപ്പാത മാർക്കറ്റ് ജങ്ഷനിൽ നിർമിക്കണമെന്നുള്ള ആവശ്യം എം. രാജഗോപാലൻ എം.എൽ.എ ഉയർത്തുകയും അവലോകനയോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
അടിപ്പാതയുടെ അവകാശവാദവുമായി യു.ഡി.എഫ് കൗൺസിലർമാർ വന്നാൽ പൊതുജനമധ്യത്തിൽ അപഹാസ്യരാവുകയേ ഉള്ളൂവെന്ന് നഗരസഭ വൈസ് ചെയർമാൻ പറഞ്ഞു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിലും കുമ്പള ആരിക്കാടിയിലും നിർമിക്കുന്ന അടിപ്പാതക്ക് ഉയരവും വീതിയും വർധിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
എം.പിയുടെ ഇടപെടലാണ് അടിപ്പാതനിർമാണം സാധ്യമായതെന്നും വീതി കൂട്ടാൻ എം.പി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തിയതിനാലാണ് നിലവിലുള്ള വീതി കൂടാൻ കാരണമെന്നും നഗരസഭ യു.ഡി.എഫ് പാർലിമെന്ററി ലീഡർ ഇ. ഷജീർ പറഞ്ഞു. നീലേശ്വരത്തിന്റെ വികസനത്തിനായി എൽ.ഡി.എഫും യു.ഡി.എഫും തമ്മിലടിക്കുന്നതിന് പകരം ഒരുമിച്ച് സമരം നടത്തിയിരുന്നുവെങ്കിൽ ഒരുപക്ഷേ നീലേശ്വരത്ത് ആകാശപാതതന്നെ ലക്ഷ്യം കാണുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.