പുളിക്കാൽ പാലം യാഥാർഥ്യമാകുന്നു
text_fieldsനീലേശ്വരം: നീണ്ട കാത്തിരിപ്പുകൾക്കുശേഷം മടിക്കൈ പഞ്ചായത്തിലെ പുളിക്കാൽ പാലം യാഥാർഥ്യമാകുന്നു. കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് മൂന്നു കോടി 29 ലക്ഷം രൂപ ചെലവിൽ പുതിയപാലം നിർമിച്ചത്. കാഞ്ഞങ്ങാട്-നീലേശ്വരം ദേശീയപാതയിൽനിന്ന് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിയുടെ ഭാഗമായാണ് പാലം നിർമാണം.
നിലവിലുള്ള റോഡ് വീതികൂട്ടി കയറ്റവും ഇറക്കവും വളവും കുറച്ചുകൊണ്ട് സുഗമമായ ഗതാഗതമാണ് യാഥാർഥ്യമാകുന്നത്. ദേശീയപാതയിൽനിന്ന് തുടങ്ങി മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുക.
പടന്നക്കാട് നിന്നു തുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ, ചതുരക്കിണർ വഴി കൂലോം റോഡിലേക്കും അവിടെനിന്ന് മൂന്നു റോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലുമെത്തും. തുടർന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിൽ എത്തുന്ന വിധത്തിൽ 32 കിലോമീറ്റർ പാതയാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയത്.
2018ലെ ബജറ്റിൽ 60 കോടി രൂപയാണ് പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിക്ക് അനുവദിച്ചത്. സ്ഥലമെടുപ്പിലെ തർക്കങ്ങൾ കാരണം പദ്ധതി നീളുകയായിരുന്നു. നീലേശ്വരം എരിക്കുളം കാഞ്ഞിരപ്പൊയിൽ ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് പാലം. പുളിക്കാലിനൊപ്പം ആനപ്പെട്ടി, ബാനം എന്നിവിടങ്ങളിലെ പാലവും ഈ പദ്ധതിയിൽ ഉൾപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.