മോട്ടോർ വാഹന വകുപ്പിന്‍റെ കാമറ കണ്ണ് തുറന്നു
text_fieldsനീലേശ്വരം: രാജാറോഡിലെ പരിപ്പുവട വിഭവശാലക്കു സമീപം കാമറ സ്ഥാപിച്ചു. നീലേശ്വരത്ത് ഈ വഴി വാഹനത്തിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ പിടിവീഴും. മോട്ടോർ വാഹന വകുപ്പാണ് വാഹനങ്ങളുടെ മിക്ക നിയമലംഘനങ്ങളും കൈയോടെ പിടികൂടാന്‍ അത്യാധുനിക കാമറകൾ നീലേശ്വരത്ത് സ്ഥാപിച്ചത്.
ഇതില്‍ ജില്ലയിൽ ആദ്യഘട്ടമായി 16 പ്രധാന പ്രദേശങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. വാഹനങ്ങള്‍ക്കകത്തെ ദൃശ്യങ്ങള്‍വരെ ഒപ്പിയെടുക്കാന്‍ ഈ കാമറക്കാവും. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റിെൻറ പുതിയ കണ്‍ട്രോള്‍റൂം മുഖേനയാണ് കാമറകള്‍ നിയന്ത്രിക്കുന്നത്. 800 മീറ്റര്‍ പരിധിയിലുള്ള ദൃശ്യങ്ങള്‍ വരെ പകര്‍ത്താനാവും.
ഹെല്‍മറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍, അശ്രദ്ധമായി വണ്ടി ഓടിക്കുന്നവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കാമറ ഒപ്പിയെടുക്കും. കാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍ മുഖേന നോട്ടീസ് വീട്ടിലെത്തും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റു നിയമനടപടികള്‍ നേരിടേണ്ടിയും വരും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ വാഹന ഉടമയെ കോടതിയിലും കുട്ടിയെ ജുവൈനല്‍ കോടതിയിലും പ്രോസിക്യൂട്ട് ചെയ്യും. വാഹന ഉടമക്ക് 25,000 രൂപ പിഴയും ഒരു ദിവസം കോടതി തീരുന്നതുവരെ അവിടെ നില്‍ക്കാനും ശിക്ഷ നല്‍കും.
കുട്ടിക്കെതിരെയും നടപടി സ്വീകരിക്കും. 18 വയസ്സില്‍ ലൈസന്‍സ് ലഭിക്കാത്ത അവസ്ഥ വരും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ കാമറകള്‍. വയര്‍ലെസ് കാമറകളായതിനാല്‍ ഇടക്കിടെ എടുത്തുമാറ്റാനും സാധിക്കും. വൈദ്യുതി മുടക്കവും പ്രവര്‍ത്തനത്തെ ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.