തെങ്ങിൻ തൈകൾ പിഴുതുമാറ്റി കാർഷിക കോളജിൽ കെട്ടിട നിർമാണം
text_fieldsനീലേശ്വരം: കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ സ്ഥാപിച്ച കാര്‍ഷിക കോളജില്‍ തെങ്ങുകള്‍ പിഴുതുമാറ്റി കെട്ടിട നിര്‍മാണം. കോളജിന്റെ കോണ്‍ഫറന്‍സ് ഹാളിനോട് ചേര്‍ന്ന സ്ഥലത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തെങ്ങിന്‍തൈകളും വാഴകളും മറ്റും പിഴുതുമാറ്റി ഗവേഷണ ലാബിനായി കെട്ടിടം നിര്‍മിക്കുന്നത്. നേരത്തെ കോളജിനോടനുബന്ധിച്ചുള്ള സൗകര്യങ്ങള്‍ക്കായി കെട്ടിടം നിര്‍മിക്കാന്‍ കൃഷി നശിപ്പിക്കാന്‍ പാടില്ല എന്ന കര്‍ശന നിലപാട് വകുപ്പ് കൈക്കൊണ്ടിരുന്നു. നിലവിലുള്ള കെട്ടിടത്തിന് മുകളിലായി പുതിയവ നിര്‍മിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചാണ് നട്ടുവളര്‍ത്തിയ തെങ്ങിന്‍തൈകളും വാഴകളും പിഴുതുമാറ്റി കെട്ടിടം പണിയുന്നത്.
ഇത് വിരോധാഭാസമാണെന്ന് വിദ്യാര്‍ഥികളും കൃഷിയെ സ്നേഹിക്കുന്നവരും പറയുന്നു. കാര്‍ഷിക വിളകളെ എങ്ങനെ സംരക്ഷിക്കാമെന്ന് പഠിക്കാനും പഠിപ്പിക്കാനുമുള്ള കോളജിലാണ് നട്ടുവളര്‍ത്തിയ തെങ്ങിന്‍തൈകള്‍ പിഴുതുമാറ്റി കെട്ടിടം പണിയുന്നത്.
കാര്‍ഷിക കോളജിനോടനുബന്ധിച്ചുള്ള സ്ഥാപനമാണ് കരുവാച്ചേരിയിലെ തോട്ടം. ഇവിടെ മിക്കവാറും തെങ്ങുകളെല്ലാം ഉണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ ഇവിടെ കൃഷി നടത്താന്‍ കഴിയാത്ത ഏക്കര്‍കണക്കിന് സ്ഥലവുമുണ്ട്. എന്നാൽ എട്ടോളം തെങ്ങുകൾ മാറ്റിസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും സംരക്ഷണമാണ് കാർഷിക കോളജിന്റെ ലക്ഷ്യമെന്നും കോളജ് ഡീൻ ഡോ. ടി. സജിത റാണി പറഞ്ഞു. ഇത്തരം നടപടികളിലേക്ക് പോയില്ലെങ്കിൽ സർക്കാർ ഫണ്ട് ലാപ്സാകുമെന്നും ഡീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.