നാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർഥിയുടെ മരണം
text_fieldsനീലേശ്വരം: പാലായി റോഡ് വളവിൽ കെ.എസ്.ആർ.ടി.സിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വിദ്യാർഥിയായ ഉദുമ സ്വദേശി വിഷ്ണു കെ.എസ്.ആർ ടി.സി ബസുമായി കൂട്ടിയിടിച്ചാണ് മരിച്ചത്.
കയ്യൂർ ഐ.ടി.ഐയിലേക്കുള്ള യാത്രയിക്കിടെ വീതികുറഞ്ഞ റോഡിലെ വളവിലായിരുന്നു അപകടം. നീലേശ്വരം ആലിൻകീഴിലെ അമ്മവീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത്. റോഡിന്റെ മോശം അവസ്ഥമൂലം പഠനയാത്ര ദുരന്തയാത്രയായി മാറുകയായിരുന്നു. പാലായി റോഡ് തുടങ്ങുന്നത് മുതൽ ഷട്ടർ കം ബ്രിഡ്ജ് വരെയുള്ള റോഡ് വീതിക്കുറവും വളവും തിരിവും കയറ്റവും ഇറക്കവുമുള്ളതാണ്.
ഷട്ടർ കം ബ്രിഡ്ജ് യാഥാർഥ്യമായശേഷം ഈ റൂട്ടിൽ ബസ് യാത്ര ആരംഭിച്ചെങ്കിലും റോഡിന്റെ വീതികൂട്ടാൻ അധികൃതർ തയാറായില്ല. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം യാത്രചെയ്യാനുള്ള റോഡിലൂടെ ഇരുഭാഗത്തേക്കും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. മാത്രമല്ല, റോഡിന്റെ കുത്തനെയുള്ള ഇറക്കത്തിൽ ഇരുഭാഗത്തും കോൺക്രീറ്റ് ചെയ്തതിനാൽ എതിരെവരുന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ വാഹനം തെന്നിമാറി അപകടം നടക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
എതിരെവന്ന കെ.എസ്.ആർ.ടി.സി കടന്നുപോകാൻ കോൺക്രീറ്റ് ചെയ്ത സ്ഥലത്തിലേക്ക് ബൈക്ക് കയറ്റി ബ്രേക്ക് പിടിക്കാൻ ശ്രമിക്കവെ മഴമൂലം പാവി പിടിച്ച കോൺക്രീറ്റിൽ വഴുതിയാണ് ബൈക്ക് എതിരെവന്ന ബസിന്റെ അടിയിലേക്ക് പോയത്.
ഇനിയും ജീവൻ പൊലിയാതിരിക്കണമെങ്കിൽ ബസപ്പെട്ടവർ പാലായി റോഡിന് ശാശ്വതപരിഹാരം കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.