കിനാനൂർ കരിന്തളം പഞ്ചായത്തിൽ നാലാമത്തെ കുടിവെള്ള പദ്ധതി വരുന്നു
text_fieldsനീലേശ്വരം: 33 വർഷം മുമ്പ് കുമ്പളപ്പള്ളിയിൽ കിണർ കുഴിച്ച് പൈപ്പിട്ടെങ്കിലും പദ്ധതിയിലൂടെ വെള്ളം കിട്ടാത്ത കുടുംബങ്ങൾക്ക് പ്രീതീക്ഷയായി കിനാനൂർ കരിന്തളം പഞ്ചായത്തിൽ പുതിയ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. 60 കോടി രൂപ ചെലവിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവ്യത്തിയാണ് ഇപ്പോൾ ആരംഭിച്ചത്.
പദ്ധതിയുടെ 50 ശതമാനം കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. കുടിവെള്ളത്തിനായി ഇപ്പോൾ ജലസ്രോതസ്സായി ഉപയോഗിക്കുന്നത് തേജസ്വിനി പുഴയെയാണ്. ഇതിനായി അണ്ടോൾ വേളൂരിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
കിനാനൂർ കരിന്തളം പഞ്ചായത്താണ് ആദ്യമായി തേജസ്വിനി പുഴയിലെ വെള്ളം പദ്ധതിക്കായി ഉപയോഗിക്കുന്നത്. പഞ്ചായത്തിന്റെ ചില വാർഡുകളിൽ പൈപ്പിടുന്ന ജോലി ആരംഭിച്ചിരിക്കെ നിലവിലുള്ള ജലനിധി കുടിവെള്ള പദ്ധതിയിലുള്ള പൈപ്പുകൾ പല സ്ഥലങ്ങളിലും പൊട്ടുന്ന അവസ്ഥയുമുണ്ട്. പൈപ്പിടുന്ന ജോലി പ്രദേശവാസികൾ അറിയുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ജലജീവൻ മിഷൻ പദ്ധതി 2025 ൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിൽ 16 ലക്ഷം ക്യുബിക് ലിറ്റർ വെള്ളമാണ് സംഭരിക്കുന്നത്. ഇപ്പോൾ കുഴിമാന്തി പൈപ്പ് ഇടുന്ന പ്രവുത്തിയാണ് നടക്കുന്നത്. കയനി, ബിരിക്കുളം, പരപ്പ എന്നിവിടങ്ങളിലാണ് വെള്ള ടാങ്കുകൾ നിർമിക്കുക. ഒരു ടാങ്കിൽ 16 ലക്ഷം ക്യുബിക് ലിറ്റർ വെള്ളം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.