നീലേശ്വരത്തെ ദുരന്തനിവാരണ സേന കേന്ദ്രം ഫയലിൽ തന്നെ
text_fieldsനീലേശ്വരം: പ്രകൃതിദുരന്തങ്ങൾ നേരിടാൻ ജില്ലയിലെ നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണ സേന കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ഫയലിൽതന്നെ. നീലേശ്വരം നഗരസഭയിലെ പാലാത്തടം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിനു സമീപം അങ്കക്കളരി റോഡരികിലാണ് ദുരന്തനിവാരണ സേന കേന്ദ്രത്തിെൻറ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇതിനായി എട്ട് ഏക്കർ റവന്യൂ ഭൂമി കണ്ടെത്തുകയും ചെയ്തു. 2014ലാണ് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചപ്പോൾ കാസർകോട് ജില്ലയിലും ദുരന്തനിവാരണ കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്. ഇതിനായി സ്ഥലം കണ്ടെത്തിയപ്പോൾ അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ പാലാത്തടം സ്ഥലം സന്ദർശിച്ചിരുന്നു.
കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപത്ത് റെയിൽവേ സ്റ്റേഷൻ, നീണ്ട കടൽത്തീരം, ഹെലിപാട് നിർമിക്കാനും അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് പാലാത്തടം മതി എന്ന ധാരണയിൽ അധികൃതർ എത്തിയത്. എന്നാൽ, ഏഴു വർഷമായി തുടർനടപടികൾ കടലാസിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
ജില്ലയിൽ നിരവധി തവണ പ്രകൃതിദുരന്തവും പ്രളയവും വന്നപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതാണ്. ഇത്തരം പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ ജില്ലക്ക് സ്വന്തമായി ദുരന്തനിവാരണ സേന കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.