ലോറിയിൽ കൊണ്ടുപോകുന്നതിനിടെ റെയിൽവേ സ്ലീപ്പറുകൾ വീണു
text_fieldsനീലേശ്വരം: റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള റെയിൽവേയുടെ 26 ഏക്കർ സ്ഥലത്ത് കൂട്ടിയിട്ട പഴയ സ്ലീപ്പറുകൾ ലോറിയിൽ കൊണ്ടുപോകുന്നത് മതിയായ സുരക്ഷയില്ലാതെ. വ്യാഴാഴ്ച രാവിലെ ഇവിടെ നിന്ന് ലോറിയിൽ കൊണ്ടുപോകവെ ഒരു സ്ലീപ്പർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു. നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് തിരിഞ്ഞുവന്ന ലോറി മേൽപാലത്തിന് താഴെയെത്തിയ ഉടനെയായിരുന്നു ഇത്. ടൺ കണക്കിന് ഭാരമുള്ള കോൺക്രീറ്റ് സ്ലീപ്പറാണ് ഓട്ടോ സ്റ്റാൻഡിന് സമീപം രാജാസ് സ്കൂൾ ഗേറ്റിന് തൊട്ടടുത്തായി ലോറിയിൽനിന്ന് വീണത്.
ആ സമയം ഇവിടെ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ വലിയ അപകടമൊഴിവായി. സ്ലീപ്പറുകൾ കയറ്റിയ ലോറി വരിഞ്ഞു കെട്ടി സുരക്ഷിതമാക്കാതെ കരിന്തളം ഭാഗത്തേക്ക് പോകുകയായിരുന്നു. സ്ലീപ്പർ റോഡിൽ വീണതോടെ ഓടിക്കൂടിയവർ സുരക്ഷയൊരുക്കാതെ കൊണ്ടുപോകുന്നത് ചോദ്യംചെയ്ത് ലോറിക്കാരോട് കയർത്തു. കല്ല് കയറ്റിക്കൊണ്ടു പോകുന്ന ലോറിയിൽനിന്ന് കല്ല് ഊർന്നുവീണ് തിരുവനന്തപുരത്ത് ഒരു വിദ്യാർഥി ഈയിടെയാണ് മരിച്ചത്. നീലേശ്വരം മേഖലയിൽ ഭാരമേറിയ ലോഡുമായി സുരക്ഷയില്ലാതെ അപകട ഭീഷണി ഉയർത്തി പായുന്ന വാഹനങ്ങൾ ഏറെയാണ്. ഇത് പരിശോധിക്കാനോ തടയാനോ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.