തകർന്ന് ഗതാഗതയോഗ്യമല്ലാതായി റോഡ്
text_fieldsനീലേശ്വരം: ടൂറിസം കേന്ദ്രമായ അഴിത്തല ബീച്ചിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി. തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ മുതൽ റോഡ് അവസാനിക്കുന്ന അഴിത്തലവരെയുള്ള റോഡിലാണ് ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുന്നത്. ഈ ഭാഗങ്ങളിൽ റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടു. മഴ വന്നതോടെ കുഴിയിൽ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്.
ഇതുമൂലം റോഡും കുഴിയും തിരിച്ചറിയാൻ പറ്റാത്തതിനാൽ ഇരുചക്ര -മുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ടൂറിസം കേന്ദ്രത്തിലെ റോഡായിട്ടും വർഷങ്ങളായി ടാറിങ് നടത്തിയിട്ട്. അഴിമുഖം കാണാനെത്തുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെ ദിവസവും വിവിധ ജില്ലകളിൽനിന്നായി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ മുതൽ അഴിത്തല വരെയുള്ള മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡാണ് തകർന്ന് ഗതാഗത തടസ്സം നേരിടുന്നത്.
മൂന്നു കോടിയുടെ മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നത് ദേശീയപാതയിലെ തൈക്കടപ്പുറം സ്റ്റോർ ജങ്ഷൻ വരെയാണ്. അതുകൊണ്ടുതന്നെ സ്റ്റോർ ജങ്ഷൻ മുതൽ പുതിയ തീരദേശ റോഡ് വരുമ്പോൾ മാറ്റങ്ങൾ വരുമെന്നാണ് പറയുന്നത്. എന്നാൽ, തീരദേശ റോഡിന്റെ അലൈൻമെന്റ് മാറ്റം വരുമ്പോഴും സ്ഥലമെടുപ്പ് പൂർത്തിയായി വരുമ്പോഴേക്കും വർഷങ്ങൾ കഴിയും.
അത്രയും കാലം കുഴിയിൽ സഞ്ചരിച്ച് നടുവൊടിഞ്ഞ് യാത്രചെയ്യേണ്ട അവസ്ഥയിലാണ് തീരദേശ റോഡുള്ളത്. റോഡിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.