മഴവെള്ളം അകത്ത്; പൊളിച്ചുനീക്കിയ എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂര പുനഃസ്ഥാപിച്ചില്ല
text_fieldsനീലേശ്വരം: ജില്ലയിലെ ഏക ഭക്ഷ്യധാന്യ സംഭരണകേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ ഗോഡൗണിന്റെ പൊളിച്ചുനീക്കിയ മേൽക്കൂര പുനഃസ്ഥാപിക്കാത്തതിനാൽ മഴവെള്ളം അകത്ത് ഒഴുകുന്നു. ജില്ലയിലെ മുഴുവൻ റേഷൻകടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഗോഡൗണിൽനിന്നാണ്. എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂര പുതുക്കാനായി പൊളിച്ചുമാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
ഇവിടെയുള്ള രണ്ട് ഗോഡൗണുകളിൽ ഒന്നിന്റെ മേൽക്കൂരയാണ് പൊളിച്ചുമാറ്റിയത്. മഴക്കാലമായതിനാൽ ഗോഡൗണിന്റെ ചുമരും തറയും മഴ നനഞ്ഞനിലയിലാണ്. ഇതിൽ നിലവിൽ ധാന്യം സംഭരിച്ചിട്ടില്ലെങ്കിലും അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ഉൾഭാഗം തുടർച്ചയായി മഴ നനയുന്നത് ബലക്ഷയത്തിനും ഉൾഭാഗത്ത് കീടബാധക്കും ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.
എഫ്.സി.ഐ ഗോഡൗണുകളുടെ മേൽക്കൂരക്കുൾപ്പെടെ ഏകീകൃതരീതിയിലുള്ള രൂപഭാവങ്ങളും കളർകോഡും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീലേശ്വരത്തെ ഗോഡൗണിന്റെ മേൽക്കൂര പൊളിച്ചുനീക്കിയത്. നീലനിറത്തിലുള്ള മെറ്റൽ ഷീറ്റാണ് ഇനി സ്ഥാപിക്കുന്നത്.
ചുമരുകൾക്കും മറ്റും കാവി, പച്ച കളർ കോഡായിരിക്കും. എന്നാൽ, കേരളത്തിലെ മൺസൂൺകാലം കണക്കാക്കാതെ ടെൻഡർ ചെയ്ത് പണിതുടങ്ങിയതാണ് നീലേശ്വരത്ത് വിനയായത്. വേനൽക്കാലത്ത് സീറോ സ്റ്റോക്ക് ആക്കുന്ന സമയത്തായിരുന്നെങ്കിൽ ഗോഡൗണിന് അകവും ചുമരുകളും മഴ നനയുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല.
നീലേശ്വരത്തെ രണ്ട് ഗോഡൗണുകളിൽ ഒന്നാണ് ജോലിക്കായി കൈമാറിയത്. നടപടികൾ നടന്ന് ഒരു മാസത്തോളമായിട്ടും മേൽക്കൂരയിലെ ഷീറ്റ് മാറ്റിയത് മാത്രമാണ് നടന്ന ജോലി. രണ്ടാമത്തെ ഗോഡൗണിൽ നിലവിൽ പുഴുങ്ങലരി മാത്രമാണ് സ്റ്റോക്ക് ചെയ്തിട്ടുള്ളത്. പൊളിച്ച ഭാഗത്തെ മേൽക്കൂര എത്രയും വേഗം ബന്ധപ്പെട്ടവർ പുനഃസ്ഥാപിക്കണമെന്നാണ് ഇവിടത്തെ കയറ്റിറക്ക് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.