വെള്ളക്കുപ്പി മൈക്കായി; സ്കൂളിന്റെ ശോച്യാവസ്ഥ തുറന്നുകാട്ടി വിദ്യാർഥികൾ
text_fieldsനീലേശ്വരം: കുടിവെള്ളക്കുപ്പി മൈക്കും കാമറയുമാക്കി സ്കൂളിന്റെ ശോച്യാവസ്ഥ അവതരിപ്പിച്ച് വിദ്യാർഥികൾ. തീരദേശ മേഖലയിലെ മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂൾ വിദ്യാർഥികളാണ് ഈ മിടുക്കികൾ. കാമറമാനും റിപ്പോർട്ടറും മദർ പി.ടി.എ ഭാരവാഹികളുമായ കഥാപാത്രങ്ങൾക്ക് കുട്ടികൾതന്നെ ജീവൻ നൽകി. കടലാക്രമണ ഭീഷണിയും കളിക്കാൻ മൈതാനമില്ലാത്തതും കെട്ടിട സൗകര്യങ്ങൾ പോരാത്തതുമാണ് കുട്ടികൾ വിഷയമാക്കി അവതരിപ്പിച്ചത്. ഇതുകണ്ട അധ്യാപകൻ പുഷ്പരാജൻ രംഗം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതോടെയാണ് കുട്ടികൾ പറഞ്ഞ വിഷയം പ്രാധാന്യമുള്ളതാണെന്ന് നാട് തിരിച്ചറിഞ്ഞത്.
അധ്യാപകരുടെ സഹായത്തോടെ സ്കൂളിൽ വാർത്ത ചാനൽ ആരംഭിച്ച് മരക്കാപ്പ് ന്യൂസ് എന്ന് പേരിട്ടു. ആറാം തരത്തിൽ പഠിക്കുന്ന ആർദ്ര കെ. വിനോദ്, എ.വി. ആരാധ്യ, എ. ആരാധ്യ, കെ.വി. ശ്രീലക്ഷ്മി, ഷിൽന ഷാജി, കെ.വി. നിഹാര, ഷാരോൺ ഷാജി, തേജൽ കൃഷ്ണ എന്നിവരാണ് വാർത്ത അവതാരകർ. ആദ്യ വാർത്ത ഒമ്പതാംതരം വിദ്യാർഥി വി.കെ. സൂര്യകിരൺ എഡിറ്റ് ചെയ്തു. മറ്റു വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി കൂടുതൽ വാർത്താ വിഡിയോകൾ പുറത്തിറക്കാനുള്ള ആലോചനയിലാണ് കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.