കുടിവെള്ള പദ്ധതികൾ ഒരുപാടുണ്ട്; പക്ഷെ കുടിക്കാൻ വെള്ളമില്ല
text_fieldsകാര്യങ്കോട് ചീറ്റക്കാൽ കുടിവെള്ള ടാങ്ക്
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര നിവാസികൾ കുടിവെള്ളം കിട്ടാതെ പരക്കംപായുകയാണ്. 1972 മുതൽ നാലു കുടിവെള്ള പദ്ധതികൾ കൊണ്ടുവന്നെങ്കിലും ചെമ്മാക്കരക്കാർക്ക് കുടിവെള്ളം മാത്രം കിട്ടാക്കനിയായി. 1972ൽ ദേശീയപാതയോരത്തെ ചീറ്റക്കാൽ പ്രദേശത്ത് തുടങ്ങിയ ശുദ്ധജല വിതരണ പദ്ധതി കാര്യങ്കോട്, ചെമ്മാക്കര, മുണ്ടേമ്മാട്, തോട്ടുംപുറം തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടതായിരുന്നു.
പി.എച്ച്.ഇ.ഡി വകുപ്പ് കിണറും പമ്പ് ഹൗസും ചീറ്റക്കാൽ കുന്നിന് മുകളിൽ ടാങ്കും നിർമിച്ചു. ജല ലഭ്യതയുടെ കുറവുകാരണം പിന്നീട് വിപുലീകരിക്കാൻ 1990കളുടെ അവസാനം കാനക്കരയിൽ കിണറും പമ്പ് ഹൗസും നിർമിച്ചു. എന്നാൽ, പരിഹാരമായില്ല. പിന്നീട് പള്ളിക്കര പ്രദേശത്ത് കല്ലിങ്കാൽ എന്ന സ്ഥലത്ത് കിണറും പമ്പ് ഹൗസും ടാങ്കും നിർമിച്ചുവെങ്കിലും പിന്നീട് ആ വെള്ളവും കുടിക്കാൻ പറ്റാതാവുകയും പ്രദേശത്തുകാർ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയും ചെയ്തു.
2014 മുതൽ 2022 വരെയുള്ള കഷ്ടതകൾക്കൊടുവിൽ 2022ൽ പുതിയ ചെമ്മാക്കര കുടിവെള്ള പദ്ധതി കൊണ്ടുവന്നു. 49 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി ഒരുവർഷം തികയുന്നതിനുമുമ്പ് പദ്ധതി പാളി. ആഴ്ചയിൽ ഒരുദിവസം അരമണിക്കൂർ വെള്ളം നൽകുന്നതിനുള്ള ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെമ്മാക്കര ഉൾപ്പെടെയുള്ള ഈ പ്രദേശത്തുകാർ വേനൽ കടുക്കുന്ന അവസരത്തിൽ കുടിവെള്ളത്തിനുവേണ്ടി അലയുകയാണ്.
ഇപ്പോൾ ആഴ്ചയിൽ ഒരുദിവസം, വെറും 30 മിനിറ്റാണ് വെള്ളം കിട്ടുന്നത്. പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യപ്പെട്ടാൽ ജനങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കപ്പെടുമെന്ന് അധികൃതർ പറഞ്ഞെങ്കിലും അത് ജലരേഖ മാത്രമായി. പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി 65 കോടി രൂപ ചെലവിൽ നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിൽനിന്ന് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.