റെയിൽവേ സ്റ്റേഷനിൽ വെള്ളമില്ല; ശൗചാലയം വൃത്തിഹീനം
text_fieldsനീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ശൗചാലയം വ്യത്തിഹീനമായ നിലയിൽ. തിങ്കളാഴ്ച മംഗളുരു ഭാഗത്തേക്ക് പോകാൻ എത്തിയ യാത്രക്കാർ ദുർഗന്ധം സഹിച്ച് നിൽക്കേണ്ട ഗതികേടിലായി.
ശൗചാലയത്തിലെ പൈപ്പിൽ വെള്ളമില്ലാത്തതിനാൽ എല്ലായിടവും വ്യത്തിഹീനമായി കിടക്കുകയാണ്. ഈ ദുർഗന്ധം കാരണംയാത്രക്കാർക്ക് ശൗചാലയം ഉപയോഗിക്കാതെ തിരിച്ചു പോകേണ്ട അവസ്ഥയുമുണ്ടായി.
വെളളമില്ലാത്ത സാഹചര്യത്തിൽ ടോയ്ലറ്റ് ഉപയോഗിച്ചതാണ് ദുർഗന്ധത്തിന് കാരണം. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പ്ലാറ്റ്ഫോമിലെ ടോയ്ലറ്റാണ് ഇങ്ങനെ വൃത്തികേടായി കിടക്കുന്നത്. ശൗചാലയം നിയന്ത്രിക്കാൻ ആളില്ലാത്തതാണ് ഇത്തരത്തിൽ വൃത്തികേടാകാൻ കാരണം.
റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിലാളികൾ ഉണ്ടെങ്കിലും ടോയ്ലറ്റിലെ പൈപ്പിൽ വെള്ളമില്ലാത്തതിനാൽ ശുചീകരണ പ്രവൃത്തി നടക്കുന്നില്ല. തിങ്കളാഴ്ച രാവിലെ എത്തിയ ചില യാത്രക്കാർ ടോയ്ലറ്റിൽ പോകാൻ കഴിയുന്നില്ലെന്ന പരാതി പറഞ്ഞപ്പോൾ വെള്ളമില്ലാത്ത പരാതി നമ്മൾക്കും ഉണ്ടെന്നാണ് സ്റ്റേഷൻ മാസ്റ്റർ മറുപടി പറഞ്ഞത്.
വെള്ളമില്ലാത്തതുകൊണ്ട് വൃത്തിയാക്കാൻ പറ്റാതെ ശുചീകരണ തൊഴിലാളികൾ നിസ്സഹായവസ്ഥയിലാണ്. ട്രെയിൻ കയറാൻ ഇതിന്റെ മുന്നിൽ നിൽക്കുന്ന യാത്രക്കാരും മൂക്കുപൊത്തി നിൽക്കേണ്ട ഗതികേടിലാണ്. പ്ലാറ്റ്ഫോമിലെ ചില കുടിവെള്ള പൈപ്പിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ജില്ലയിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് നീലേശ്വരത്താണ്. യാത്രക്കാരിലും വരുമാനത്തിന്റെ കാര്യത്തിലും വർധന ഉണ്ടായിട്ടും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ തയാറാകുന്നില്ല. യാത്രക്കാരെ ദുരിതത്തിലാക്കി വ്യത്തികേടായി കിടക്കുന്ന ടോയ്ലറ്റ് അടച്ചുപൂട്ടാനും റെയിൽവേ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.