സഹപാഠിക്ക് വിഷു കൈനീട്ടമായി വീട് നിർമിച്ചുനൽകി
text_fieldsനീലേശ്വരം: 38 വർഷം മുമ്പ് പഠിപ്പിച്ച അധ്യാപകനും അന്നത്തെ സഹപാഠികളും ചേർന്ന് കരുൻചാൽ കാവുംകുടിയിലെ രമണിക്ക് വിഷു കൈനീട്ടമായി നൽകിയത് അടച്ചുറപ്പുള്ള ഒരു വീട്.
എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജ് പ്രഥമ പ്രീഡിഗ്രി ബാച്ചിെൻറ ക്ലാസ്മേറ്റ്സ് കൂട്ടായ്മയാണ് കണ്ണൂർ ജില്ലയിലെ കരുവൻചാലിനടുത്തെ കാവുംകുടിയിൽ രമണിക്കും മകൾക്കും വിഷു കൈനീട്ടമായി മനോഹരമായ സ്നേഹ വീട് നിർമിച്ചുനൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ രമണിയുടെ വീട്ടിൽ ഞായറാഴ്ച പാലു കാച്ചൽ നടന്നു.
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി തിരിച്ചടികൾ നേരിട്ട രമണിയും കുടുംബവും കഴിഞ്ഞിരുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഒരു കുടിലിൽ ആയിരുന്നു.
ആദ്യം മകൻ നഷ്ടപ്പെട്ടു. പിന്നാലെ ഭർത്താവും മരിച്ചു. ആരോടും പരാതിയും പരിഭവവും ഇല്ലാതെ കാവും കുടിയിലെ അഞ്ചു സെൻറ് ഭൂമിയിൽ പ്രായപൂർത്തിയായ മകളുമായി ജീവിച്ചുവരുന്നതിനിടയിലാണ് എളേരിത്തട്ട് കോളജിലെ പഴയ കൂട്ടുകാരും പഠിപ്പിച്ച അധ്യാപകനും രമണിയുടെ ദുരിത ജീവിതം അറിയുന്നത്.
നാട്ടിലും വിദേശത്തും ആയി ജോലി ചെയ്യുന്ന രമണിയുടെ കൂടെ പഠിച്ചവർ തങ്ങളുടെ പഴയ കൂട്ടുകാരിയെ സഹായിക്കാൻ രംഗത്ത് വന്നു. വീട് നിർമാണ കമ്മറ്റി രൂപവത്കരിച്ച് നാട്ടുകാരുടെയും വാർഡ് മെംബറുടെയും സഹകരണത്തോടെ വിഷുവിനു മുമ്പ് രമണിയുടെ നിർമാണം പൂർത്തീകരിക്കുകയായിരുന്നു.
രണ്ട് കിടപ്പ് മുറികളും അടുക്കളയും ഹാളുമടങ്ങുന്ന വീടിന് ആറു ലക്ഷം രൂപയോളം ചെലവായി. രമണിയുടെ അന്നത്തെ ഹിന്ദി അധ്യാപകനും എളേരിത്തട്ട് ഇ.കെ. നായനാർ കോളജിലെ റിട്ട. പ്രിൻസിപ്പലുമായ പ്രഫ. സലിം കുമാർ സ്നേഹ വീടിെൻറ താക്കോൽ രമണിക്കു കൈമാറി. ചടങ്ങിൽ വാർഡ് മെംബർ നിഷാ ബിജു അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ. പി. സുഭാഷ്, എം.വി. ജോസഫ്, കെ.എ. രാധ, മേരി ടീച്ചർ, റിട്ട. എസ്.ഐ കെ.ഡി. സുകുമാരൻ, ജെയ്സമ്മ, കെ. രാജേന്ദ്രൻ, മാമച്ചൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.