രാജാറോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു
text_fieldsനീലേശ്വരം: ഹൈവേ ജങ്ഷനിൽനിന്ന് നീലേശ്വരം ബസ് സ്റ്റാൻഡിലേക്ക് മൂന്ന് മിനിറ്റുകൊണ്ട് വാഹനങ്ങൾ എത്തേണ്ട സമയത്ത് ഇപ്പോൾ 15 മിനിറ്റാണ് എടുക്കുന്നത്. ഹൈവേ മുതൽ പോസ്റ്റ് ഓഫിസ് വരെയുള്ള രാജാറോഡിലെ ഗതാഗതക്കുരുക്കാണ് ഇങ്ങനെ യാത്രക്കാരെ വീർപ്പു മുട്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഇടുങ്ങിയ റോഡിൽ കൂടിയുള്ള ഗതാഗതക്കുരുക്കുമൂലം മിക്ക ദീർഘദൂര ബസുകളും നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നത്.
ഇതുമൂലം ദീർഘദൂരയാത്രക്ക് ബസ് കാത്തുനിൽക്കുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. രാജാ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ്ങാണ് മറ്റൊരു പൊല്ലാപ്പ്. റോഡിന് മുകളിൽ കൂടി ആളുകൾ നടന്നുപോകേണ്ട അവസ്ഥയാണ്. മാത്രമല്ല, ചില വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ വലിയ ലോറികൾ ചരക്കിറക്കുന്നതും കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
നഗരസഭ പുതിയ ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കിയിട്ടും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ബസുകൾ മെയിൻ ബസാറിൽനിന്ന് തിരിച്ച് തളിയിൽ റോഡ് വഴിയാണ് ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത്. ഇവിടെ കെ.സി.കെ ക്ലിനിക്കിന് മുന്നിലാണ് കുരുക്ക് ഉണ്ടാകുന്നത്. തളിയിൽ റോഡ് വഴി വരുന്ന ബസ് സ്റ്റാൻഡിലേക്ക് തിരിക്കുന്ന ജങ്ഷനിൽ എത്തിയാൽ രാജാ റോഡിൽനിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകുന്ന വാഹനങ്ങൾ കടന്നുവരുമ്പോൾ ഗതാഗതസ്തംഭനം പൂർണമാകും. ബസുകൾ ബസ് സ്റ്റാൻഡ് യാർഡിൽ കയറാതെ യാത്രക്കാരെ റോഡരികിൽ ഇറക്കിവിടുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇതിന് പുറമെ കൃഷിഭവൻ ഓഫിസ് മുതൽ ടെലിഫോൺ എക്സ്ചേഞ്ച് വരെയുള്ള റോഡരികിൽ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നതും മറ്റൊരു ദുരിതമാണ്. ഗതാഗത നിയന്ത്രണത്തിനായി ബസ് സ്റ്റാൻഡിന് സമീപം ഹോം ഗാർഡുമാർ ഡ്യൂട്ടി ചെയ്യുന്നുണ്ടെങ്കിലും ഇവരും ഗതാഗതക്കുരുക്കഴിക്കാൻ പാടുപെടുകയാണ്. ഒരുഭാഗത്ത് കുരുക്കഴിക്കുമ്പോഴേക്കും മറ്റൊരു ഭാഗത്ത് മുറുകും. രാജാറോഡ് വികസനവും തളിയിൽ റോഡ് മെക്കാഡം ടാറിങ്ങും എത്രയും വേഗത്തിൽ നടന്നാൽ മാത്രമേ ഗതാഗത സ്തംഭനത്തിൽ നിന്ന് നീലേശ്വരം നഗരത്തിന് മോചനം ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.