കുളം നവീകരിച്ച വനിത കൗൺസിലർക്ക് കടബാധ്യത; തകർന്ന നടപ്പാലം പുതുക്കിപ്പണിത മുൻ കൗൺസിലർക്ക് കാശുമില്ല
text_fieldsനീലേശ്വരം: ജനസേവനവും നാടിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവർത്തിച്ചതിെന്റ പേരിൽ നഗരസഭയിലെ രണ്ട് സി.പി.എം കൗൺസിലർമാർക്കേറ്റ തിരിച്ചടിയാണ് നീലേശ്വരത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരാൾ കടബാധ്യതയിലായെങ്കിൽ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് ചെലവഴിച്ച മറ്റൊരു മുൻ കൗൺസിലർക്ക് കാശ് കിട്ടിയതുമില്ല.
നഗരസഭ പാലാത്തടം വാർഡിലെ അങ്കക്കളരിയിൽ കുളം നവീകരിച്ച വനിത കാൺസിലർ വി.വി. ശ്രീജയാണ് കടക്കെണിയിലായത്. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിെന്റ കീഴിലുള്ള കുളം നവീകരിച്ച വകയിലാണ് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യത വന്നത്.
പ്രസ്തുത കുളം 18 ലക്ഷം രൂപക്ക് സ്വകാര്യ വ്യക്തിയായ കരാറുകാരൻ നവീകരിക്കാൻ ഏറ്റെടുത്തെങ്കിലും കുറച്ച് പ്രവൃത്തി നടത്തി കരാറുകാരൻ നിർമാണത്തിൽനിന്നും പിന്തിരിഞ്ഞു. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ വാർഡ് കൗൺസിലറായ ശ്രീജയും മുൻ കൗൺസിലർ പി. മനോഹരനും മുൻകൈയെടുത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ തുടർപ്രവൃത്തികൾക്കായി കമ്മിറ്റി രൂപവത്കരിച്ചു. പാതിവഴിയിൽ നിലച്ച കുളം ശ്രീജയുടെ നേതൃത്വത്തിൽ പണം കടംവാങ്ങിയും സ്വർണം പണയംവെച്ചും തുകകണ്ടെത്തി നവീകരണം മനോഹരമായി പൂർത്തീകരിച്ച് ഉദ്ഘാടനവും നടത്തി.
എന്നാൽ, വനിത കൗൺസിലർക്ക് ചെലവഴിച്ച ലക്ഷങ്ങൾ കിട്ടാത്തതാണ് ഇപ്പോൾ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. കരാറുകാരൻ ഏറ്റെടുത്ത പ്രവൃത്തിയായതിനാൽ സർക്കാറിൽ നിന്നുള്ള ഫണ്ട് കരാറുകാരെന്റ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ എത്തുകയുള്ളൂ. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിെന്റ കീഴിലായതിനാൽ നഗരസഭക്ക് പ്രശ്നത്തിൽ ഇടപെടാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. എങ്കിലും നഗരസഭ അധ്യക്ഷ ടി.വി. ശാന്ത വിഷയത്തിൽ ശക്തമായി ഇടപെടുകയുണ്ടായി.
2000ൽ നീലേശ്വരം നഗരസഭയായി ഉയർന്നശേഷം നടന്ന ആദ്യ നഗരസഭയിലെ സി.പി.എം കടിഞ്ഞിമൂല വാർഡ് കൗൺസലർക്ക് 20 വർഷമായിട്ടും എറ്റെടുത്ത് ചെയ്ത പ്രവൃത്തിയുടെ പണം കിട്ടിയില്ല. കോൺഗ്രസ് തട്ടകമായ കടിഞ്ഞിമൂല വാർഡിൽ മത്സരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയനെ അട്ടിമറിച്ച് വിജയംകൊയ്ത സി.പി.എമ്മിലെ കെ.വി. അമ്പാടിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്.
2004ൽ നീലേശ്വരം നഗരവുമായി ബന്ധിപ്പിക്കുന്ന മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലത്തിൽ അമ്മയുംകുഞ്ഞും പുഴയിൽ കാൽതെന്നിവീണ സംഭവം നടന്നപ്പോൾ നഗരസഭ ചെയർപേഴ്സൻ വി. ഗൗരിയുടെ നിർദേശപ്രകാരം കെ.വി. അമ്പാടി പണം ചെലവഴിച്ച് അറ്റക്കുറ്റപ്പണികൾ നടത്തി കാൽനടയാത്ര സുഗമമാക്കി.
പ്രവൃത്തിക്ക് ടെൻഡർ വേണ്ടെന്നും പിന്നീട് ഫണ്ട് പാസാക്കിയെടുത്ത് തരാമെന്നുമുള്ള വാക്കിലായിരുന്നു ഇത്. ഇതിനായി 1.59,700 രൂപയാണ് കൗൺസിലർ ചെലവഴിച്ചത്. തുക പിന്നീട് കൗൺസിൽ യോഗത്തിലെ അജണ്ടയിൽ ഉൾപെടുത്തി പാസാക്കിത്തരാമെന്ന് സെക്രട്ടറിയും വാക്കാൽ ഉറപ്പ് നൽകിയിരുന്നു. പിന്നീട് സെക്രട്ടറി സ്ഥലംമാറി പോയതോടെ ചെലവഴിച്ച തുക കിട്ടാതെ വന്നത് സി.പി.എം കൗൺസിലറെ വെട്ടിലാക്കി.
തുടർന്ന് മാറിവന്ന നഗരസഭ ഭരണാധികാരികളോട് പ്രശ്നം ഉന്നയിച്ചെങ്കിലും തുക കിട്ടാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നടപ്പാലം നവീകരണത്തിന് ടെൻഡർ നടപടികൾ നടക്കാത്തതിനാൽ തുക നൽകാൻ നിയമമില്ലെന്നാണ് മാറിമാറി വന്ന നഗരസഭ സെക്രട്ടറിമാർ പറയുന്നത്. കുടുംബത്തിന് ചെലവഴിക്കേണ്ട തുക നാട്ടുകാർക്കുവേണ്ടി ചെലവഴിച്ച കെ.വി. അമ്പാടി ഇതു തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.