അനധികൃത കേബിൾ മുറിച്ച് കെ.എസ്.ഇ.ബി; ഫോൺബന്ധം വിച്ഛേദിച്ച് ബി.എസ്.എൻ.എൽ
text_fieldsനീലേശ്വരം: വൈദ്യുതിത്തൂണുകളിൽ സ്ഥാപിച്ച കേബിളുകൾ കെ.എസ്.ഇ.ബി മുറിച്ചുകളഞ്ഞപ്പോൾ ഇതിന് പകരമായി ഓഫിസിലെ ഫോൺബന്ധം വിച്ഛേദിച്ച് ബി.എസ്.എൻ.എൽ പ്രതികാരം ചെയ്തു. നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതരും നീലേശ്വരം ബി.എസ്.എൻ.എൽ അധികൃതരും തമ്മിലാണ് അധികാര വടംവലി നടന്നത്.
വൈദ്യുതിത്തൂണുകളിൽ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് കേബിൾ വലിച്ചാണ് ഓരോ വീട്ടിലേക്കും കണക്ഷൻ കൊടുത്തത്. ഇത് അനുവാദം വാങ്ങാതെ വൈദ്യുതിത്തൂണിൽ സ്ഥാപിച്ചതാണ് കെ.എസ്.ഇ.ബിയെ ചൊടിപ്പിച്ചത്. ഇക്കാരണം പറഞ്ഞാണ് അവർ മുറിച്ചുമാറ്റിയതും.
നീലേശ്വരത്തും സമീപത്തും വൈദ്യുതി ജീവനക്കാർ ഇങ്ങനെ തൂണിന് കെട്ടിയ കേബിൾ മുറിച്ചുമാറ്റുകയായിരുന്നു. സംഭവമറിഞ്ഞ നീലേശ്വരം ബി.എസ്.എൻ.എൽ അധികൃതർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ ഫോൺ വിച്ഛേദിച്ചു. ഇതോടെ ഓഫിസ് പ്രവർത്തനം താളംതെറ്റി. ഇന്റർനെറ്റ് കണക്ഷനും ഇല്ലാതായി.
വൈദ്യുതി ബില്ലടക്കാൻ വന്ന ആളുകൾക്കും ബുദ്ധിമുട്ടനുഭവപ്പെട്ടു. കേബിൾ സ്ഥാപിച്ച വകയിൽ ബി.എസ്.എൻ.എൽ എട്ടു ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് കൊടുക്കാനുണ്ട്. നിരവധി തവണ നോട്ടീസ് അയച്ചിട്ടും തൂൺ വാടക ഓഫിസിൽ അടച്ചില്ല. ഇതോടെയാണ് തൂണിലെ കേബിൾ മുറിച്ചുമാറ്റിയത്.
ഇതിനു പ്രതികാരമായാണ് ബി.എസ്.എൻ.എൽ വൈദ്യുതി ഓഫിസിലെ ഫോൺ ബന്ധവും വിച്ഛേദിച്ചത്. ഇവരുടെ അധികാര വടംവലിയിൽ ബലിയാടായത് ജനങ്ങളും. നൂറുകണക്കിന് വൈദ്യുതി ഉപഭോക്താക്കൾക്ക് പരാതി വിളിച്ചുപറയാൻ സാധിച്ചില്ല. പിന്നീട് കേബിൾ വാടക അടച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഫോൺ ബന്ധവും ശരിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.