വെള്ളവുമായി വരൂ, പരിശോധിക്കാം
text_fieldsനീലേശ്വരം: ജലഗുണനിലവാര ലാബ് പദ്ധതി പ്രവർത്തനം മടിക്കൈ പഞ്ചായത്തിലെ മടിക്കൈ സെക്കൻഡ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സജീവമാകുന്നു. ശുദ്ധജലലഭ്യത ഉറപ്പാക്കാനും ജലമലിനീകരണം കുറക്കാനുമായി ഹരിതകേരളം മിഷൻ സ്കൂളുകളിൽ ആവിഷ്കരിച്ച പദ്ധതിയാണിത്. വെള്ളവുമായി വരുന്ന ആർക്കും സൗജന്യമായി പരിശോധന നടത്താം. 100 മില്ലി ലീറ്റർ ജലമാണ് പരിശോധനക്ക് എത്തിക്കേണ്ടത്.
കോളിഫോം, ആസിഡ് അടക്കം ഒമ്പതുതരം പരിശോധനകൾ ഇവിടെ നടത്തും. 2023 ആഗസ്റ്റ് ഒന്നിനാണ് ലാബിന്റെ പ്രവർത്തനം തുടങ്ങിയത്. ചെറിയ കാലയളവിൽതന്നെ 130ഓളം സാമ്പിളുകൾ പരിശോധിക്കുകയും നിലവാരം കുറവുള്ള സാമ്പിളുകൾക്ക് പ്രതിവിധികൾ നിർദേശിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സാമ്പ്ൾ എത്തുന്നുണ്ട്. നിറം, മണം, പി.എച്ച് എന്നിവയും പരിശോധിക്കുന്നു. വീടുകളിൽനിന്ന് ഹോട്ടൽ, തട്ടുകടകൾ, ജ്യൂസ് കടകൾ, കാറ്ററിങ് ഏജൻസികൾ എന്നിവരും ജലപരിശോധനക്കായി എത്തുന്നുണ്ട്.
ആവശ്യക്കാർക്ക് വെള്ളം ശേഖരിക്കാനായി സാമ്പ്ൾ ബോട്ടിൽ സൗജ്യമായി നൽകുന്നു. സ്കൂളിലെ പ്രത്യേകം പരിശീലനം ലഭിച്ച കുട്ടികളാണ് പരിശോധന നടത്തുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ കെമിസ്ട്രി അധ്യാപിക ഡോ. അമ്പിളി തോമസും കുട്ടികളെ സഹായിക്കുന്നുണ്ട്. പ്രിൻസിപ്പൽ പ്രീതി ശ്രീധർ, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവരുടെ പിന്തുണയും മേൽനോട്ടവും ലാബിന്റെ പ്രവർത്തനം സുഗമമാക്കുന്നു. അവധിദിവസങ്ങളിലും ലാബ് പ്രവർത്തിക്കുന്നത് ഏറെ പ്രയോജനകരമാണ്.ജലഗുണനിലവാര ലാബ് പദ്ധതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.