ദുരന്തബാധിതരെ ചേർത്തുപിടിച്ച് കാസർകോട്ടുകാർ
text_fieldsനീലേശ്വരം: വയനാട് ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ രാജാസിന്റെ കരങ്ങൾ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങായി നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റി സാന്ത്വന കിറ്റ് നൽകി. ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമടക്കമുള്ള അവശ്യസാധന കിറ്റുകളാണ് നൽകിയത്.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ഹോസ്ദുർഗ് താലൂക്ക് തഹസിൽദാർ എം. മായക്ക് പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ അരമന സമാഹരിച്ച അവശ്യസാധനങ്ങൾ കൈമാറി. ജില്ല ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കൈ സഹായം നൽകിയ രാജാസ് പി.ടി.എ കമ്മിറ്റിയെ നാട്ടുകാർ അഭിനന്ദിച്ചു. ദുരന്ത നിവാരണത്തിന്റെ കോഓഡിനേറ്റർ ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജ്, സ്കൂൾ പ്രിൻസിപ്പൽ പി. വിജീഷ്, എസ്.ആർ.ജി കൺവീനർ പി. ഷാജി, പി.ടി.എ ഭാരവാഹികളായ പ്രഭാകര പണിക്കർ, കെ. ദിനേശ്കുമാർ, രാജേഷ് മാരാർ എന്നിവരും പങ്കെടുത്തു.
കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങായി ഓട്ടോ തൊഴിലാളികൾ കൈകോർത്തു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ശേഖരിക്കുന്ന സഹായ നിധിയിലേക്ക് 25,000 രൂപയോളം വിലവരുന്ന ഭക്ഷ്യ ഉൽപന്നങ്ങളും വസ്ത്രങ്ങളും നൽകി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി. ഗിനീഷ് സംബന്ധിച്ചു.
കാസർകോട്: വയനാടിന് കരുതലുമായി കാസർകോട്ടെ സ്കൂൾ. ദുരന്തമുഖത്ത് അവശ്യസാധനങ്ങൾ സമാഹരിച്ചു നൽകിയത് കാസർകോട് ജി.എച്ച്.എസ്.എസ് ആണ്. ഇവർ ശേഖരിച്ച ഉൽപന്നങ്ങൾ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് കൈമാറി. കലക്ടറേറ്റിൽനിന്ന് അവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് രാത്രിയിൽ വാഹനം പുറപ്പെടുന്നുണ്ട് എന്നറിഞ്ഞതിനെ തുടർന്നാണ് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ സാധനങ്ങൾ വാങ്ങി രാത്രിതന്നെ കലക്ടറേറ്റിൽ എത്തിച്ച് കലക്ടർക്ക് കൈമാറിയത്. സ്കൂളിലെ എസ്.പി.സി യൂനിറ്റും സാധനങ്ങളുടെ കിറ്റ് കൈമാറി. ‘വയനാടിനായി കൈക്കോർക്കാം’ മിഷനിൽ സഹകരിച്ച സ്കൂളിനെ കലക്ടർ അഭിനന്ദിച്ചു. പ്രധാനാധ്യാപിക എ. ഉഷ, സ്റ്റാഫ് സെക്രട്ടറി ബി. അബ്ദുറഹ്മാൻ, എസ്.പി.സി സി.പി.ഒമാർ സാന്ധ്യ കുമാരി, ടി. മധു പ്രശാന്ത്, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി.കെ. മദനൻ, അശോകൻ കുണിയേരി, യു. പ്രദീപ് കുമാർ, എൻ. അനിത, സൈനൂൽ ഹബീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.