പുഴ ഗതിമാറി ഒഴുകി; വ്യാപക കരയിടിച്ചിൽ
text_fieldsനീലേശ്വരം: നീലേശ്വരം പുഴ ഗതിമാറിയതുമൂലം കോട്ടപ്പുറം, മാട്ടുമ്മൽ, കടിഞ്ഞിമൂല ഭാഗങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായി. 25 മീറ്ററോളം കരയെടുത്തു.
25 സെന്റ് സ്ഥലവും കരയിടിച്ചിലിൽ ഇല്ലാതായി. ഇരുപതോളം തെങ്ങുകൾ പുഴയിലേക്ക് കടപുഴകി. മുങ്ങത്ത് ലീല, ഇബ്രാഹിം ഹാജി, മുഹമ്മദ് ഹാജി, കുഞ്ഞമ്പു, മാമുനി ചന്ദ്രൻ എന്നിവരുടെ ഭൂമിയും തെങ്ങുകളുമാണ് പുഴയെടുത്തത്. പുഴയിലെ ശക്തമായ ഒഴുക്കുമൂലം മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം അപകടാവസ്ഥയിലായി.
കരിങ്കൽതൂണും മരപ്പലകയും ഉപയോഗിച്ച് നിർമിച്ച പാലം കുത്തൊഴുക്കിൽ ആടിയുലഞ്ഞു. ഈ നടപ്പാലം വഴിയുള്ള യാത്ര നിരോധിച്ചതായി റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നഗരസഭ അധികൃതരെ അറിയിച്ചു. മാട്ടുമ്മൽ-കടിഞ്ഞിമൂല പുഴക്കുകുറുകെ പുതിയപാലം നിർമാണവുമായി ബന്ധപ്പെട്ട് പുഴയിൽ നിർമിച്ച ബണ്ട് മുന്നറിയിപ്പില്ലാതെ പൊട്ടിച്ചതാണ് കരയിടിച്ചിലിന് പ്രധാന കാരണം.
ഹോസ്ദുർഗ് തഹസിൽദാർ എം. മായ, ദുരന്തനിവാരണത്തിന്റെ ചാർജുള്ള ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജ് നീലേശ്വരം എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ബണ്ടിന്റെ കുറച്ചുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്തു. ബാക്കിയുള്ള മണ്ണ് നീക്കംചെയ്യാൻ കരാറുകാരനോട് റവന്യൂ ഉദ്യോഗസ്ഥർ നിർദേശിച്ചപ്രകാരം കൂടുതൽ മണ്ണ് നീക്കംചെയ്യാനും തുടങ്ങിയിട്ടുണ്ട്.
കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് നാശം സംഭവിച്ച സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വി.ഒ കെ.വി. ബൈജു, നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷരായ പി. ഭാർഗവി, ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർ എം.കെ. വിനയരാജ്, നഗരസഭ സെക്രട്ടറി കെ. മനോജ്കുമാർ, പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ കെ. രാജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.